പഴയതുപോലെ കഴിയുന്നില്ല, ഉത്തരവാദിത്വം പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി- ഗഡ്കരി

#ന്യൂസ് ഡെസ്ക്
നിതിന്‍ ഗഡ്കരി |ഫോട്ടോ:PTI
നിതിന്‍ ഗഡ്കരി |ഫോട്ടോ:PTI

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ നിർണായക പ്രസ്താവന നടത്തി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. പണ്ടത്തെപ്പോലെ ഇപ്പോൾ അത്രയധികം ജോലിചെയ്യാൻ കഴിയുന്നില്ലെന്നും ഉത്തരവാദിത്വങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായെന്നും ഗഡ്കരി പറഞ്ഞു.

നാഗ്പുരിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു ഗഡ്കരി ഇങ്ങനെ പറഞ്ഞത്. പൊതുപ്രവർത്തനങ്ങളിലെ തന്റെ സജീവത അടുത്തിടെ കുറഞ്ഞിട്ടുണ്ട്. ഇത് മുന്നോട്ട് കൊണ്ടുപോകാൻ യുവതലമുറയ്ക്ക് ഇപ്പോൾ അവസരം നൽകണമെന്നും ഗഡ്കരി വ്യക്തമാക്കി.

'ജോലി പുതിയ തലമുറയ്ക്ക് കൈമാറണം. പുതിയ തലമുറ വന്നിട്ടുണ്ട്, പഴയ തലമുറ അവരെ നയിക്കുന്നു. കഴിഞ്ഞ 30 വർഷമായി ഞാൻ പൊതുജീവിതത്തിൽ നിരന്തരമായി പ്രവർത്തിക്കുന്നു. പല ഉയർച്ചതാഴ്ചകളും കണ്ടിട്ടുണ്ട്, നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാൽ, എനിക്ക് ഇപ്പോൾ അധികം ജോലിചെയ്യാൻ കഴിയില്ല, പുതിയ തലമുറയ്ക്ക് പ്രവർത്തിക്കാൻ അവസരം നൽകണം', ഗഡ്കരി പറഞ്ഞു.

വരുംവർഷങ്ങളിൽ വികസന പ്രവർത്തനങ്ങളുടെ വ്യാപ്തി വർധിക്കുമെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി. അമിത് ഷാ പാർട്ടി അധ്യക്ഷനായിരുന്ന 2015-ന് ശേഷമുള്ള ഏറ്റവും വലിയ സംഘടനാപരമായ അഴിച്ചുപണിക്ക് ബിജെപി വിധേയമായി ദിവസങ്ങൾക്കകമാണ് ഗഡ്കരിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ആഴ്ചയാണ് ബിജെപി അധ്യക്ഷൻ നിതിൻ നബിൻ പുതിയ ടീം പ്രഖ്യാപിച്ചത്. കാര്യമായ തലമുറമാറ്റത്തെ സൂചിപ്പിക്കുന്നതായിരുന്നു പുനഃസംഘടന. 65 അംഗ സംഘത്തിൽ 51 പുതിയ മുഖങ്ങളാണ് ഉള്ളത്. ഈ സംഘടനാ അഴിച്ചുപണി കേന്ദ്ര മന്ത്രിസഭയിൽ വരാനിരിക്കുന്ന പുനഃസംഘടനയ്ക്ക് മുന്നോടിയായിട്ടാണെന്നാണ് സൂചന.

Content Highlights: Nitin Gadkari stated he cannot work as much as before due to reduced activity in public life., Emphasized that responsibilities should be handed over to the younger generation., Comments come shortly after BJP's major organizational overhaul led by party chief Nitin Nabin., Speculations rise regarding an upcoming Union cabinet reshuffle.