അഞ്ച് കോടി കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തി; 70 വർഷംകൊണ്ട് ചെയ്തതിലധികം 2 വർഷംകൊണ്ട് ചെയ്തു- മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി(ഫയൽ ചിത്രം) | ഫോട്ടോ: അബൂബക്കർ കെ. മാതൃഭൂമി
പ്രധാനമന്ത്രി നരേന്ദ്ര മോദി(ഫയൽ ചിത്രം) | ഫോട്ടോ: അബൂബക്കർ കെ. മാതൃഭൂമി

ന്യുഡല്‍ഹി: 'ജല്‍ ജീവന്‍ മിഷന്‍' 2019-ല്‍ ആരംഭിച്ചതിനുശേഷം അഞ്ച് കോടി കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ ലഭിച്ചുവെന്നും ഇപ്പോള്‍ ഏകദേശം 1.25 ലക്ഷം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളില്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ ജോലി കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍കൊണ്ട് ഇന്നത്തെ ഇന്ത്യയ്ക്കുവേണ്ടി ചെയ്യാനായെന്നും അദ്ദേഹം പറഞ്ഞു. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയെപ്പറ്റി ഗ്രാമപഞ്ചായത്തുകളുമായും പാനീ സമിതികളുമായും ഗ്രാമ ജല, ശുചിത്വ സമിതികളുമായും സംവദിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സ്വാതന്ത്ര്യം ലഭിച്ചതുമുതല്‍ 2019 വരെ, നമ്മുടെ രാജ്യത്തെ വെറും മൂന്ന് കോടി കുടുംബങ്ങള്‍ക്ക് മാത്രമേ പൈപ്പ് വെള്ളം ലഭ്യമായിരുന്നുള്ളൂ. എന്നാല്‍ 2019-ല്‍ ജല്‍ ജീവന്‍ മിഷന്‍ ആരംഭിച്ചതിനുശേഷം അഞ്ച് കോടി കുടുംബങ്ങള്‍ക്ക് ജല കണക്ഷന്‍ നല്‍കി', പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

'ഇന്ന്, രാജ്യത്തെ 80 ജില്ലകളിലെ 1.25 ലക്ഷം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും വെള്ളം എത്തുന്നുണ്ട്. അതായത്, കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ചെയ്തതിനേക്കാള്‍ കൂടുതല്‍ ജോലി 'ഇന്നത്തെ ഇന്ത്യ' രണ്ട് വര്‍ഷത്തിനുള്ളില്‍ ചെയ്തു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കാനായി 2019 ഓഗസ്റ്റ് 15-നാണ് നരേന്ദ്ര മോദി ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രഖ്യാപിച്ചത്.

Content highlights: New India have done more than what india has done in past seven decades says modi

Content Highlights: