'എന്റെ ബന്ധുക്കളാണെന്ന് പറഞ്ഞുവരുന്നവരേ പോലും തടയണം'; ചീറ്റ വോളന്റിയര്‍മാരോട് മോദി

കുനോയിലെത്തിച്ച ചീറ്റകളിലൊന്ന്, മോദി
കുനോയിലെത്തിച്ച ചീറ്റകളിലൊന്ന്, മോദി

കുനോ: ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍നിന്ന് മധ്യപ്രദേശിലെ കുനോ ദോശീയോദ്യാനത്തിലെത്തിച്ച ചീറ്റപ്പുലികളെ കാണാന്‍ ആര്‍ക്കും പ്രവേശനം അനുവദിക്കരുതെന്ന് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീറ്റകളുടെ സുരക്ഷ കണക്കിലെടുത്ത് അവ ഇണങ്ങുന്നതുവരെ രാഷ്ട്രീയക്കാര്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ ഇവിടേക്ക് പ്രവേശനം അനുവദിക്കരുതെന്നാണ് ചീറ്റകളുടെ വോളന്റിയര്‍മാരോട് പ്രധാനമന്ത്രി നിര്‍ദേശിച്ചത്. 

'എന്നെപ്പോലുള്ള നേതാക്കളെ നിങ്ങള്‍ തടയണം. ഇനി ഞാന്‍ വന്നാല്‍പ്പോലും അകത്തേക്ക് കടത്തിവിടില്ലെന്ന് പറയണം. എന്റെ പേര് പറഞ്ഞുവരുന്ന ബന്ധുക്കള്‍ക്ക് പോലും പ്രവേശനം അനുവദിക്കരുത്. അകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകരേയും തടയണം. പൊതുജനങ്ങള്‍ക്ക് ചീറ്റകളെ കാണാനുള്ള അനുമതി നല്‍കുന്നതുവരെ ഇവിടേക്കെത്തുന്ന എല്ലാവരോടും അകത്തേക്ക് കയറാന്‍ പറ്റില്ലെന്ന് തീര്‍ത്തുപറണം'- ചീറ്റകളുടെ സുരക്ഷയ്ക്കായി നിയോഗിച്ച 'ചീറ്റ മിത്ര' വോളന്റിയര്‍മാരോട് മോദി പറഞ്ഞു. 

മൃഗങ്ങള്‍ മനുഷ്യര്‍ക്ക് ഭീഷണിയാണെന്ന് കരുതുന്നുണ്ടോയെന്ന മോദിയുടെ ചോദ്യത്തോട് മനുഷ്യരാണ് മൃഗങ്ങള്‍ക്ക് ഭീഷണിയെന്നും വോളന്റിയര്‍മാര്‍ മറുപടി നല്‍കി. അതിനാല്‍ മൃഗങ്ങളെയല്ല മറിച്ച് മനുഷ്യരെയാണ് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കേണ്ടെന്നും മോദി നിര്‍ദേശിച്ചു. ചീറ്റകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെത്തുറിച്ച് വോളന്റിയര്‍മാരെ ഓര്‍മിപ്പിച്ച മോദി മുമ്പ് താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗിര്‍ സിംഹങ്ങളെ സംരക്ഷിച്ചതിന്റെ അനുഭവങ്ങളും അവരോട് വിവരിച്ചു.

Content Highlights: netas biggest risk to cheetahs, stop them pm modi tells volunteers