ഇന്ത്യ മുന്നണിയുടെ ‘ചലോ ദില്ലി’ മാർച്ചിന് പിന്തുണയുമായി നേഹ ബോറ; റാലിയിൽ പങ്കെടുക്കാൻ അഭ്യർത്ഥന

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയിലെ ക്രമക്കേടുകൾ ഉന്നയിച്ചും ഇന്ത്യാ സഖ്യം നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനത്ത് സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിക്ക് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് നേഹ ബോറ സമൂഹമാധ്യമ വീഡിയോയിലൂടെ പിന്തുണ അറിയിച്ചു. വോട്ടവകാശം സംരക്ഷിക്കുന്നതിനും ജനാധിപത്യത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനുമായി നവംബർ ഒന്നിന് രാംലീല മൈതാനത്ത് എത്തണമെന്ന് ബോറ വീഡിയോയിലൂടെ അഭ്യർത്ഥിച്ചു.
റാലിക്ക് കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദീപ്കെ പിന്തുണ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് നേഹ ബോറയുടെ പ്രഖ്യാപനം വന്നത്. റാലിക്ക് കോക്രോച്ച് ജനതാ പാർട്ടി പിന്തുണ നൽകുന്നുവെന്നും രാജ്യമാണ് എല്ലാത്തിനും മുകളിലെന്നും എക്സിൽ കുറിച്ച സി.ജെ.പി സ്ഥാപകൻ അഭിജിത്ത് ദീപ്കെ, ഗ്യാനേഷ് കുമാർ രാജി വെച്ച് പുറത്തുപോകണമെന്നും കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ചലോ ദില്ലി മാർച്ചിൽ അണിചേരാൻ രാഹുൽ ഗാന്ധിയും ജനങ്ങളോട് അഭ്യർത്ഥിച്ചു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകാൻ സാധ്യതയുള്ള നടപടികളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് പറഞ്ഞ അദ്ദേഹം, ഭരണകക്ഷിയായ ബിജെപിക്ക് തന്ത്രങ്ങൾ പ്രയോഗിക്കാൻ ധൈര്യമുണ്ടാകില്ലെന്നും കൂട്ടിച്ചേർത്തു. രാഷ്ട്രീയ ചായ്വുകൾ പരിഗണിക്കാതെ, വിദ്യാർത്ഥി സംഘടനകളോട് ഈ മാർച്ചിൽ പങ്കുചേരാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
തീവ്ര വോട്ടർ പട്ടികാ പരിഷ്കരണത്തിൽ നടന്ന ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചും വോട്ട് കവർച്ച ആരോപിച്ചും ഇന്ത്യ സഖ്യം ഞായറാഴ്ച നടത്തുന്ന റാലിയിൽ പ്രതിപക്ഷ നേതാക്കൾ, സാമൂഹിക പ്രവർത്തകർ എന്നിവരുൾപ്പടെ നിരവധി പേർ അണിനിരക്കുമെന്നാണ് പ്രതീക്ഷ. ഉച്ചയ്ക്ക് മിന്റോ റോഡ്-കണോട്ട് പ്ലേസ് ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന റാലി രാംലീല മൈതാനത്ത് സമാപിക്കും.
ഇതിനിടെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായി ഇന്ത്യ സഖ്യം നടത്താനിരുന്ന പൊതുവിചാരണ, കനത്ത മഴയെ തുടർന്ന്ഒക്ടോബർ 31 ലേക്ക് മാറ്റിവെച്ചതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിലൂടെ അറിയിച്ചു.
Content Highlights: AISA President Neha Bora backs the November 1 Chalo Delhi march., Protest demands the resignation of Chief Election Commissioner Gyanesh Kumar., Rally addresses alleged irregularities in the voter list revision process., Congress leader Rahul Gandhi also urged students and citizens to join the march.