നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ എത്തുക വിമാനത്തിൽ; വിതരണത്തിന് വായുസേനയുടെ സഹായംതേടാൻ കേന്ദ്രം

ന്യൂഡൽഹി: ജൂൺ 21-ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന നീറ്റ് യുജി പുനപ്പരീക്ഷയ്ക്ക് പ്രതിരോധസേനയുടെ സഹായം തേടാൻ കേന്ദ്രസർക്കാർ. ചോദ്യപേപ്പർ വിതരണത്തിന് വായുസേനയുടെ സഹായം തേടുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പുമന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. മേയ് മൂന്നാംതീയതി നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് റദ്ദാക്കിയതിനാലാണ് നീറ്റ് യുജി പരീക്ഷ വീണ്ടും നടത്തുന്നത്.
ചോദ്യപേപ്പറിന്റെ സുരക്ഷിതമായ വിതരണത്തിന് വായുസേനയുടെ സഹായം തേടാൻ തീരുമാനിച്ചതായി ധർമേന്ദ്ര പ്രധാൻ ഒരു വാർത്താചാനലിനോട് പറഞ്ഞു. ജൂൺമാസത്തിലെ കാലാവസ്ഥ, സുരക്ഷ തുടങ്ങി വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ചോദ്യപേപ്പർ വിതരണം ചെയ്തിരുന്നത് തപാൽ വകുപ്പായിരുന്നു. ഇപ്പോൾ ഇതിനായി വായുസേനയുടെ സഹായംകൂടി തേടും. ഇത് ചോദ്യപേപ്പറിനെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്തിക്കും. പരീക്ഷ സുതാര്യമായും സുഗമമായും നടത്തുന്നതിന് സർക്കാർ സർക്കാർ പൂർണസജ്ജമാണ്, മന്ത്രി കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ, കമ്യൂണിക്കേഷൻസ് വകുപ്പുമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ പങ്കെടുത്ത ഉന്നത തലയോഗം നടന്നിരുന്നു. ചോദ്യപേപ്പർ ചോർച്ച തടയുന്നതിനും പരീക്ഷയുടെ സുരക്ഷ ശക്തമാക്കുന്നതിനുമുള്ള മാർഗങ്ങളേക്കുറിച്ച് യോഗം ചർച്ചചെയ്തു. ഈ യോഗത്തിലാണ് ചോദ്യപേപ്പർ വിതരണത്തിന് വായുസേനയുടെ സേവനം ഉപയോഗപ്പെടുത്താമെന്ന നിർദേശം പരിഗണിക്കപ്പെട്ടത്.
Content Highlights: Indian Air Force to assist in the secure distribution of NEET UG 2024 re-exam question papers., Decision taken by Education Minister Dharmendra Pradhan following the NEET UG paper leak incident., Shift from postal services to Air Force to ensure timely and secure delivery across India., High-level meeting held with Defense Minister Rajnath Singh and Jyotiraditya Scindia to finalize safety protocols., Government commitment to conducting a transparent and smooth re-examination on June 21.