പത്തനംതിട്ടയിൽ ചോർന്ന PDF, ഫോൺ കോൾ രാജസ്ഥാനിൽനിന്ന്; റൂംമേറ്റ് വഴി എത്തിയത് 450 നീറ്റ് ചോദ്യങ്ങൾ

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർഥികളുടെ പങ്കും പുറത്ത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സി.ബി.ഐ. കുറ്റപത്രത്തിലാണ് കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്ക് നീളുന്ന അന്വേഷണത്തിന്റെ വിവരങ്ങളും ഉള്ളത്.
രാജസ്ഥാനിലെ സിക്കർ കേന്ദ്രമായി നടന്ന ചോദ്യപേപ്പർ ചോർച്ചയുടെ കണ്ണികൾ കേരളത്തിലേക്കും വ്യാപിച്ചിരുന്നതായി സി.ബി.ഐ. കണ്ടെത്തി. പത്തനംതിട്ട അടൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്റ്റലാണ് ഗൂഢാലോചനയുടെ കേരളത്തിലെ പ്രധാന കേന്ദ്രമായി സി.ബി.ഐ. ചൂണ്ടിക്കാട്ടുന്നത്. അവിടെ ഒന്നാം വർഷ എം.ബി.ബി.എസ്. വിദ്യാർഥിയായ ഹിതേഷ് കുമാറിന് തന്റെ റൂംമേറ്റായ ലക്ഷയ് രാജിൽ നിന്നാണ് ചോർന്ന ചോദ്യപേപ്പറിന്റെ പി.ഡി.എഫ്. ഫയലുകൾ ലഭിച്ചത്.
രാജസ്ഥാനിലെ ജുൻജുനു സ്വദേശിയായ ലക്ഷയ് രാജ് മുൻപ് സിക്കറിലെ അലൻ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയായിരുന്നു. തെളിവുകൾ നശിപ്പിക്കാനായി, ചോദ്യപേപ്പർ കൈമാറിയതിന് ശേഷമുള്ള ചാറ്റുകൾ ലക്ഷയ് രാജ് ഡിലീറ്റ് ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വിദ്യാർഥികളടക്കം ഉൾപ്പെടുന്ന വൻ ശൃംഖല
വിദ്യാർഥികളടക്കം പങ്കാളികളായുള്ള, വളരെ ആസൂത്രിതമായി പ്രവർത്തിക്കുന്ന ഒരു ശൃംഖല ഇടപാടുകൾക്ക് പിന്നിൽ ഉണ്ടായിരുന്നു എന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. അല്ലൻ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ലക്ഷയ് രാജിന്റെ മുൻ സഹപാഠിയായിരുന്നു രജത് ചൗധരി. മേയ് രണ്ടിന് രാത്രി 10 മണിയോടെ, ലക്ഷ്യ രാജിന്റെ ബന്ധു സച്ചിൻ ധംഗറിന്റെ ശുപാർശയിലൂടെ അഭിഷേക് സെയ്നിയിൽനിന്ന് രജതിന് ഫോൺ കോൾ വന്നു. ചോർന്നുകിട്ടിയ നീറ്റ്-യു.ജി. പേപ്പർ കൈവശമുണ്ടെന്നും അത് നൽകുന്നതിന് 40,000 രൂപ അഭിഷേക് ആവശ്യപ്പെട്ടതായും കുറ്റപത്രത്തിൽ പറയുന്നു.
അഭിഷേക് സൈനിയുടെ നിർദ്ദേശപ്രകാരം രജത് ചൗധരി 30,000 രൂപ ലക്ഷയ് രാജിന്റെ രാജസ്ഥാൻ ഗ്രാമീൺ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. ലക്ഷ്യ രാജിന്റെ രാജസ്ഥാൻ ഗ്രാമീൺ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺപേ വഴിയാണ് ഇടപാട് നടത്തിയത്. പരീക്ഷയ്ക്ക് മണിക്കൂറുകൾക്ക് മുൻപ് മേയ് രണ്ടിന് രാത്രി പത്തുമണിയോടെ ഏകദേശം 450-ഓളം ചോദ്യങ്ങൾ ഉൾപ്പെട്ട ഫയലുകൾ ഇവർക്ക് ലഭിച്ചു. പരീക്ഷ എഴുതാനിരുന്ന സഹോദരൻ ഋഷഭ് ചൗധരിക്ക് വേണ്ടിയാണ് രജത് പണം നൽകി ഇത് വാങ്ങിയത്.
രാജസ്ഥാനിലെ സിക്കറിലുള്ള ആർ.കെ. എഡ്യൂക്കേഷണൽ കൺസൾട്ടൻസി കേന്ദ്രമായാണ് ഈ വിതരണ ശൃംഖല പ്രവർത്തിച്ചിരുന്നത്. കൺസൾട്ടൻസി ജീവനക്കാരനായ അഭിഷേക് സൈനി വഴി ലക്ഷയ് രാജിന്റെ ബന്ധുവായ സച്ചിൻ ധൻഗറിലേക്ക് ചോദ്യങ്ങൾ എത്തുകയും, അവിടെനിന്ന് കേരളത്തിലെ ഹോസ്റ്റലിലേക്ക് കൈമാറപ്പെടുകയുമായിരുന്നു എന്ന് സിബിഐ പറയുന്നു. സിക്കറിലെ ശൃംഖലയെ കേരളവുമായി ബന്ധിപ്പിക്കുന്നത് ഈ കണ്ണികളാണെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു.
വിദഗ്ധമായ ചോർത്തൽ, ആസൂത്രിത വിതരണം
നാഷണൽ ടെസ്റ്റിങ് ഏജൻസിയിലെ (എൻ.ടി.എ.) വിദഗ്ധരായ പ്രതികൾ വളരെ ആസൂത്രിതമായ രീതികളിലൂടെയാണ് ചോദ്യങ്ങൾ ചോർത്തിയതെന്ന് സി.ബി.ഐ. കണ്ടെത്തിയിരുന്നു. പിടിയിലായ കെമിസ്ട്രി പ്രൊഫസർ കുൽക്കർണി ഉൾപ്പെടെയുള്ളവർ ചോദ്യങ്ങൾ ചെറിയ കടലാസ് കഷണങ്ങളിലാക്കി കുറിച്ചെടുത്ത് ഒളിപ്പിച്ചു കടത്തുകയായിരുന്നു. മറ്റ് രണ്ട് പ്രതികൾ ചോദ്യങ്ങൾ മനപ്പാഠമാക്കിയാണ് പുറത്തെത്തിച്ചത്. ഹോട്ടൽ മുറിയിൽ എത്തിയ ശേഷം ഒരാൾ ഇവ എഴുതിയെടുത്തപ്പോൾ, മറ്റൊരാൾ പാഠപുസ്തകങ്ങളിൽ ചോദ്യങ്ങളുമായി ബന്ധപ്പെട്ട ഖണ്ഡികകൾ അടയാളപ്പെടുത്തിയാണ് വിവരങ്ങൾ കൈമാറിയത്.
ചോദ്യപ്പേപ്പർ വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്ന ഘട്ടത്തിലാണ് ഈ ചോർച്ച നടന്നതെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. എൻ.ടി.എയിലെ സുരക്ഷാ വീഴ്ചകൾ മുതലെടുത്താണ് ഈ വിദഗ്ധർ ചോദ്യങ്ങൾ ചോർത്തിയത്. ഇത്തരത്തിൽ സമാഹരിച്ച ചോദ്യങ്ങൾ പിന്നീട് രാജസ്ഥാനിലും വിവിധ സംസ്ഥാനങ്ങളിലെ ഇടനിലക്കാർക്കും വിദ്യാർത്ഥികൾക്കും വിതരണം ചെയ്യുകയായിരുന്നു.
പരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുൻപ് ടെലഗ്രാം, വാട്സാപ്പ് എന്നിവ വഴിയാണ് ഈ ഫയലുകൾ കൈമാറിയത്. ചോർത്തിയ ചോദ്യപേപ്പർ നൽകുന്നതിന് സുരക്ഷയായി വിദ്യാർഥികളുടെ സ്‌കൂൾ സർട്ടിഫിക്കറ്റുകളും ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും ഇടനിലക്കാർ വാങ്ങി വച്ചിരുന്നു.
ചോർച്ചാ വിവാദത്തെത്തുടർന്ന് മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. തുടർന്ന് ജൂൺ 21-നാണ് പുനഃപരീക്ഷ നടത്തിയത്. നിലവിൽ എൻ.ടി.എ. വിദഗ്ധരും ഇടനിലക്കാരും ഉൾപ്പെടെ 13 പേർക്കെതിരെയാണ് സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എൻ.ടി.എ. സബ്ജക്ട് വിദഗ്ധരാണ് പ്രധാന പ്രതികൾ.