പൊതുപണം ദുരുപയോഗം ചെയ്തെന്ന് പരാതി; മുൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികിന്റെ വിദേശ സന്ദർശനങ്ങളിൽ അന്വേഷണം

ഭൂബനേശ്വർ: മുൻ ഒഡീഷ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ നവീൻ പട്നായിക്കിന്റെ വിദേശ യാത്രകളേക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ. 2022-23, 2023-24 വർഷങ്ങളിൽ നടത്തിയ ഈ വിദേശ സന്ദർശനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകളും സുതാര്യതയില്ലായ്മയും ചൂണ്ടിക്കാണിച്ചാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. നവീൻ പട്നായിക്കിന് പുറമെ ഇദ്ദേഹത്തിന്റെ വലംകൈയെന്ന് വിശേഷിപ്പിക്കുന്ന വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ വി.കെ. പാണ്ഡ്യൻ, ഐ.പി.എസ് ഉദ്യോഗസ്ഥൻ രവി കാന്ത് എന്നിവർ നടത്തിയ വിദേശ യാത്രകളെക്കുറിച്ചും അന്വേഷണം നടത്തും. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് വിദേശ പര്യടനങ്ങളുടെ യഥാർത്ഥ വിവരങ്ങൾ കണ്ടെത്താനുള്ള അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സാമൂഹിക പ്രവർത്തകർ നൽകിയ പരാതിയെത്തുടർന്നാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. ജപ്പാൻ, ഇറ്റലി, യു.എ.ഇ എന്നീ രാജ്യങ്ങളിലേക്ക് നടത്തിയ യാത്രകളുടെ ചെലവുവിവരങ്ങൾ അപൂർണ്ണവും വൈരുദ്ധ്യമുള്ളതുമാണെന്ന് പരാതിക്കാർ ആരോപിക്കുന്നു.
2022 ജൂണിൽ ഒരു ആഴ്ച നീണ്ട ഇറ്റലി സന്ദർശന വേളയിൽ നവീൻ പട്നായിക് ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം ആസ്ഥാനത്ത് ഒഡീഷയുടെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് സംസാരിക്കുകയും ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തുടർന്ന് ജൂൺ 28-29 തീയതികളിൽ ഒഡീഷയിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനായി അദ്ദേഹം ദുബായ് സന്ദർശിച്ചു. 2023 ഏപ്രിൽ 4 മുതൽ 11 വരെ വിദേശ നിക്ഷേപവും വ്യാപാര ബന്ധവും ലക്ഷ്യമിട്ട് ജപ്പാൻ സന്ദർശിച്ചു. യാത്രയ്ക്കിടയിൽ സിംഗപ്പൂർ, ബാങ്കോക്ക് എന്നിവിടങ്ങളിലും സന്ദർശനം നടത്തിയിരുന്നു.
വിദേശ യാത്രകൾക്കും വിലകൂടിയ ഹോട്ടൽ താമസത്തിനും പ്രത്യേക വിമാനങ്ങൾക്കുമായി വൻതോതിൽ പൊതുപണം ചെലവഴിച്ചതായി ആരോപണമുണ്ട്.
നവീൻ പട്നായികിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കെ. പാണ്ഡ്യൻ 2023 ഒക്ടോബറിൽ ഐ.എ.എസ് രാജിവെച്ച് ബി.ജെ.ഡിയിൽ ചേർന്നുവെങ്കിലും 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി. 1998 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ രവി കാന്ത് നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ് പ്രവർത്തിക്കുന്നത്.
Content Highlights: Odisha government launches probe into Naveen Patnaik's foreign trips, focusing on financial irregularities and transparency issues during 2022-23 and 2023-24.