സൗജന്യം നല്കിയാല് ദാരിദ്ര്യം മാറില്ല, പകരം തൊഴിലവസരം സൃഷ്ടിക്കൂ- നാരായണ മൂര്‍ത്തി

മുംബൈ: രാജ്യത്തെ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതിന് ജനങ്ങള്‍ക്ക് സൗജന്യം നല്‍കുന്നതിന് പകരം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ എന്‍.ആര്. നാരായണ മൂര്‍ത്തി. മുംബൈയില്‍ വ്യവസായികളുടെ സംഗമത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ വ്യവസായികള്‍ക്ക് നൂതനമായ സംരംഭങ്ങള്‍ ആരംഭിക്കാനായാല്‍ പ്രഭാതത്തിലെ മഞ്ഞ് പോലെ ദാരിദ്ര്യം ഇല്ലാതാകുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
നിങ്ങള്‍ ഒരോരുത്തരും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ആളുകളാണെന്ന് എനിക്കറിയാം. തൊഴില്‍ സൃഷ്ടിക്കുന്നതിലൂടെയാണ് നമ്മള് ദാരിദ്ര്യത്തെ മറികടക്കുന്നത്. ലോകത്തെവിടെയും ജനങ്ങള്‍ക്ക് എല്ലാം സൗജന്യമായി നല്‍കുന്നതിലൂടെ ദാരിദ്ര്യം ഇല്ലാതായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതിനായി രാഷ്ട്രിയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് പലതും സൗജന്യമായി നല്‍കാറുണ്ട്. ഇതിനെതിരേയാണ് നാരായണ മൂര്‍ത്തി നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ജോലി സമയം ആഴ്ചയില്‍ 70 മണിക്കൂര്‍ ആക്കണമെന്ന നാരായണ മൂര്‍ത്തിയുടെ പ്രസ്താവന അടുത്തിടെ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. അതിനുപിന്നാലെയാണ് അദ്ദേഹം സൗജന്യങ്ങള്‍ക്കെതിരേ നിലപാട് സ്വീകരിച്ചിരിക്കുന്നത്. സൗജന്യമായി എന്തെങ്കിലും ലഭിക്കുന്നുണ്ടെങ്കില്‍ അതിനുപിന്നില്‍ എന്തെങ്കിലും പ്രത്യുപകാരങ്ങളും ആവശ്യപ്പെടുന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികളും മറ്റും വോട്ടര്‍മാര്‍ക്ക് വാഗ്ദാനം നല്കുന്ന ആനുകൂല്യങ്ങളെ അടുത്തിടെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. റേഷനും പണവും ഉള്‍പ്പെടെ സൗജന്യമായി ലഭിക്കുന്നത് കൊണ്ടുതന്നെ ആളുകള്‍ക്ക് ജോലിക്ക് പോകാന്‍ താത്പര്യമില്ലാതെ വരുന്നുണ്ടെന്നും സുപ്രീംകോടതി വിലയിരുത്തി. ഇത് ആളുകളെ മടിയന്മാരാക്കുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.
സൗജന്യങ്ങള്‍ നല്കി ആളുകളെ മടിയന്മാരാക്കുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. ഒരു ജോലിയും ചെയ്യാതെ പണം കൈകളില്‍ എത്തുകയും സൗജന്യ റേഷന്‍ നല്‍കുകയും ചെയ്യുന്നതിലൂടെ ജനങ്ങളെ കൂടുതല്‍ മടിയന്മാരാക്കുകയാണ് ചെയ്യുന്നതെന്നാണ് ജസ്റ്റിസ് ഗവായി പറഞ്ഞത്.
Content Highlights: Infosys co-founder NR Narayana Murthy advocates for job creation over freebies to alleviate poverty