അമിത വേഗതയിലെത്തിയ കാര്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ചു; മൂന്ന് മരണം

മുംബൈ: ബാന്ദ്ര - വോര്‍ളി സീ ലിങ്കിലെ ടോള്‍ പ്ലാസയില്‍ അമിത വേഗതയിലെത്തിയ എസ്.യു.വി. നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു. അപകടത്തില്‍ മൂന്നുപേര്‍ മരണപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേറ്റു. ആറു വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
വ്യാഴാഴ്ച രാത്രി 10.15 ഓടെയാണ് അപകടം സംഭവിക്കുന്നത്. ബാന്ദ്ര ഭാഗത്തേക്ക് വരികയായിരുന്ന ടൊയോട്ട ഇന്നോവ കാര്‍ ടോള്‍ പോസ്റ്റിന് 100 മീറ്റര്‍ മുന്‍പ് ഒരു മെഴ്‌സിഡസില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ടോള്‍ ക്യൂവിലെ മറ്റു വാഹനങ്ങളിലും കാര്‍ ഇടിച്ചു.
അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും പരിക്കേറ്റ ആറു പേരില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്നും സീനിയര്‍ പോലീസ് ഓഫിസര്‍ കൃഷ്ണകാന്ത് ഉപധ്യായി വ്യക്തമാക്കി. നിസാര പരിക്കുകള്‍ സംഭവിച്ച കാര്‍ ഡ്രൈവറെ പെലീസ് അറസ്റ്റ് ചെയ്തു. കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഈ മേഖലയില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ നിരവധി വാഹനാപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
Content Highlights: multi-car crash at mumbai's bandra-worli sea link