ലഖിംപുർ: ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കണം- സുപ്രീം കോടതി

Ashish Mishra | Photo: PTI
Ashish Mishra | Photo: PTI

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര മുഖ്യപ്രതിയായ ലഖിംപുര്‍ ഖേരി കൊലപാതകക്കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടചുമതല വിരമിച്ച ഹൈക്കോടതി ജഡ്ജിയെ ഏല്‍പ്പിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം അംഗീകരിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വിപുലീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായുള്ള സുപ്രീം കോടതി ബഞ്ച് ആവശ്യപ്പെട്ടു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോലി എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.

കേസ് അന്വേഷിക്കുന്ന പ്രത്യക സംഘത്തിലെ ഉദ്യോഗസ്ഥര്‍ ലഖിംപുറില്‍ നിന്നുള്ളവര്‍ മാത്രമാണെന്ന് ജസ്റ്റിസ് സൂര്യകുമാര്‍ ചൂണ്ടിക്കാണിച്ചു. ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ ആവശ്യപ്പെട്ടു. യുപി കേഡറിലുള്ളവരും എന്നാല്‍ സംസ്ഥാനത്തുനിന്നുള്ളവര്‍ അല്ലാത്തതുമായ ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്താനാണ് ചീഫ് ജസ്റ്റിസ് സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. 

കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടചുമതല വിരമിച്ച ഹൈക്കോടതി ജഡ്ജിയെ ഏല്‍പ്പിക്കണമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. യുപി പൊലീസിന്റെ അന്വേഷണത്തില്‍ വീണ്ടും അതൃപ്തി അറിയിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബഞ്ച് നിര്‍ദേശം മുന്നോട്ട് വെച്ചത്.

അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനുള്ള ജഡ്ജി ആരാണെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നും ജഡ്ജി ഉത്തര്‍പ്രദേശിന് പുറത്തുള്ള വ്യക്തിയായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. പഞ്ചാബ്- ഹരിയാന ഹൈക്കോതി മുന്‍ ജഡ്ജി രാകേഷ് കുമാര്‍ ജയിനെയോ അല്ലെങ്കില്‍ മറ്റാരെയെങ്കിലുമോ അണ് പരിഗണിക്കുന്നതെന്നും കോടതി പറഞ്ഞിരുന്നു. 

അന്വേഷണത്തിന്റെ മേല്‍നോട്ടചുമതല വിരമിച്ച ഹൈക്കോടതി ജഡ്ജിയെ ഏല്‍പ്പിക്കണമെന്ന നിര്‍ദേശത്തില്‍ സംസ്ഥാനത്തിന് എതിര്‍പ്പില്ലെന്ന യുപിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു. എന്നാല്‍ അദ്ദേഹം ഉത്തര്‍പ്രദേശില്‍ നിന്നുള്ളയാളാകാന്‍ പാടില്ലെന്നത് പ്രസക്തമായ കാര്യമാണെന്നും അദ്ദേഗം പറഞ്ഞു. 

Content Highlights: Most Officers from Lakhimpur, Upgrade Task Force: SC to UP Govt on Probe Into Farmers' Killing

Content Highlights: