പാകിസ്താനുമായി അതിര്‍ത്തിപങ്കിടുന്ന സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച വീണ്ടും മോക്ഡ്രിൽ നടത്തും

പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ആഴ്ചകള്‍ക്ക് ശേഷം പാകിസ്താനുമായി അതിര്‍ത്തിപങ്കിടുന്ന സംസ്ഥാനങ്ങളില്‍ സിവിൽ ഡിഫൻസ് മോക് ഡ്രില്‍ നടത്താന്‍ ഇന്ത്യ. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് വ്യാഴാഴ്ച മോക് ഡ്രില്‍ നടത്തുക. 

അതേസമയം, ഹരിയാണ സര്‍ക്കാര്‍ വ്യാഴാഴ്ച 22 ജില്ലകളിലായി ഓപ്പറേഷന്‍ ഷീല്‍ഡ് എന്ന പേരില്‍ സംസ്ഥാനവ്യാപക സിവില്‍ ഡിഫന്‍സ് അഭ്യാസം നടത്തും. നാഷണല്‍ കേഡറ്റ് കോര്‍പ്പ്‌സ് (എന്‍സിസി), നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്), നെഹ്‌റു യുവ കേന്ദ്ര സംഘടന്‍ (എന്‍വൈകെഎസ്) തുടങ്ങിയ വളണ്ടിയര്‍മാരുടെ സേവനവും ഹരിയാണയില്‍ പ്രയോജനപ്പെടുത്തും. 

തീവ്രവാദികള്‍ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി മോക് ഡ്രില്‍ സംഘടിപ്പിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറുമായി എത്തിയത്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുകയും നൂറിലേറെ ഭീകരവാദികളെ വധിക്കുകയും ചെയ്തിരുന്നു.

Content Highlights: mockdrill to be conducted in four states bordering pakistan