സതീഷ് കൃഷ്ണ സെയിലിന് MLA സ്ഥാനം നഷ്ടമായേക്കും; ഏഴുവര്‍ഷം തടവ്, പ്രതികള്‍ക്ക് 44.25 കോടിരൂപ പിഴ

ബെംഗളൂരു: ഇരുമ്പയിര് കടത്തുകേസിൽ കോൺഗ്രസിന്റെ കാർവാർ എം.എൽ.എ. സതീഷ് കൃഷ്ണ സെയിൽ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴുവർഷം തടവ്. ഇവരിൽനിന്ന് 44.25 കോടി രൂപ പിഴയീടാക്കാനും ബെംഗളൂരുവിലെ പ്രത്യേക കോടതി വിധിച്ചു.
ഗൂഢാലോചന, വഞ്ചന, മോഷണം തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർചെയ്ത ആറ് കേസുകളിലാണ് ശിക്ഷ. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജസ്റ്റിസ് സന്തോഷ് ഗജാനൻ ഭട്ടാണ് ശിക്ഷവിധിച്ചത്. ശ്രീ മല്ലികാർജുന ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറായ സതീഷിനെക്കൂടാതെ പോർട്ട് ഡെപ്യൂട്ടി കൺസർവേറ്ററായിരുന്ന മഹേഷ് ജെ. ബിലിയെ, വിവിധ ഖനന കമ്പനികളുടെ ഉടമകളായ ചേതൻ ഷാ, കെ.വി. നാഗരാജ്, കെ.വി.എൻ. ഗോവിന്ദരാജ്, കെ. മഹേഷ് കുമാർ, പ്രേംചന്ദ് ഗാർഗ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ശിക്ഷിക്കപ്പെട്ടതോടെ, സതീഷ് കൃഷ്ണ സെയിലിന്റെ എം.എൽ.എ.സ്ഥാനം നഷ്ടമാകാൻ സാധ്യത തെളിഞ്ഞു.
സതീഷ് കൃഷ്ണ സെയിൽ ഉൾപ്പെടെ ഏഴുപേർ കുറ്റക്കാരാണെന്ന് കോടതി വ്യാഴാഴ്ച വിധിച്ചിരുന്നു. 2009-10 കാലത്ത് ഉത്തര കന്നഡ ജില്ലയിലെ ബെളകെരെ തുറമുഖത്ത് വനംവകുപ്പ് പിടികൂടിയ അഞ്ചുലക്ഷം ടൺ ഇരുമ്പയിരിൽ 1.29 ടൺ ഇരുമ്പയിര് പ്രതികൾ ഉടമകളായ ആറ് കമ്പനികൾ മോഷ്ടിച്ചുകൊണ്ടുപോയെന്നാണ് സി.ബി.ഐ. കണ്ടെത്തിയത്.
2012 ഒക്ടോബർ 13-നാണ് സി.ബി.ഐ. കേസ് ഏറ്റെടുത്തത്. പ്രതികളുടെ പേരിൽ ഒൻപത് കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു. സി.ബി.ഐ.ക്കുവേണ്ടി മുതിർന്ന സർക്കാർ പ്രോസിക്യൂട്ടർ കെ.എസ്. ഹേമ ഹാജരായി. സതീഷ് കൃഷ്ണ സെയിലിനെ എം.എൽ.എ. സ്ഥാനത്തുനിന്ന് അയോഗ്യനാക്കാൻ നിയമസഭാ സ്പീക്കർ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു.
Content Highlights: MLA Satish Sail gets seven year term for thef illegal iron ore export