'അവഗണിക്കേണ്ടതാണ്, എന്നാലും പറയുന്നു; ആ അധികാരമൊന്നും നിങ്ങള്‍ക്കില്ല';ഗവര്‍ണറോട് സ്റ്റാലിന്‍

ആര്‍.എന്‍. രവി, എം.കെ. സ്റ്റാലിന്‍ | Photo: Mathrubhumi, PTI
ആര്‍.എന്‍. രവി, എം.കെ. സ്റ്റാലിന്‍ | Photo: Mathrubhumi, PTI

ചെന്നൈ: മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ മന്ത്രിയെ പുറത്താക്കാമെന്ന് കാണിച്ച് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി നല്‍കിയ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. കത്ത് സമ്പൂര്‍ണ്ണ അവഗണനയാണ് അര്‍ഹിക്കുന്നതെന്ന് വ്യക്തമാക്കിയ സ്റ്റാലിന്‍, ഗവര്‍ണര്‍ ഭരണഘടനയെ പരിഗണിക്കാതെയാണ് നടപടിയെടുത്തതെന്നും കത്തില്‍ പറയുന്നു. മന്ത്രിസഭയിലെ അംഗങ്ങളെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും അതിനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും കത്തില്‍ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

ഗവര്‍ണര്‍ക്ക് 'വണക്കം' പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. അത്യന്തികമായ പരമാധികാരം ജനങ്ങളുടെ വിശ്വാസമാണെന്നും അത് തനിക്കും തന്റെ മന്ത്രിസഭയ്ക്കുമുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സമ്പൂര്‍ണ്ണമായ അവഗണനയാണ് കത്ത് അര്‍ഹിക്കുന്നതെങ്കിലും, മന്ത്രിയെ പുറത്താക്കിയ നടപടിയില്‍ വസ്തുതകളും നിയമങ്ങളും ചൂണ്ടിക്കാട്ടാനാണ് താന്‍ മറുപടി നല്‍കുന്നതെന്ന് സ്റ്റാലിന്‍ കത്തില്‍ സൂചിപ്പിക്കുന്നു.

പ്രധാനപ്പെട്ടൊരു തീരുമാനം എടുക്കുന്നതിന് മുമ്പ് താങ്കള്‍ നിയമോപദേശം തേടിയില്ലെന്നാണ്, മന്ത്രിയെ പുറത്താക്കിയ നടപടി മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ച കത്തിലെ ഉള്ളടക്കം വ്യക്തമാക്കുന്നത്. 2013-ലെ ലില്ലി തോമസും കേന്ദ്രസര്‍ക്കാരും തമ്മിലെ കേസില്‍, മന്ത്രിസഭയില്‍ ഒരാള്‍ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമാണെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലുമൊരു ഏജന്‍സി അന്വേഷണം ആരംഭിച്ചു എന്നതുകൊണ്ടുമാത്രം, ഒരാള്‍ക്ക് മന്ത്രിയായി തുടരാനുള്ള കഴിവില്ലാതാവുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സെന്തില്‍ ബാലാജിക്കെതിരെ നടപടിയെടുത്ത ഗവര്‍ണര്‍, എ.ഐ.എ.ഡി.എം.കെ. സര്‍ക്കാരിന്റെ കാലത്ത് നടന്ന കുറ്റങ്ങളില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി ചോദിച്ചപ്പോള്‍ അതില്‍ മൗനം പാലിക്കുകയാണ്. തന്റെ നിര്‍ദേശമില്ലാതെ മന്ത്രിയെ പുറത്താക്കിക്കൊണ്ട് താങ്കള്‍ നല്‍കിയ ഭരണഘടനാവിരുദ്ധമായ കത്ത്, അസാധുവും നിയപരമായി നിലനില്‍ക്കാത്തതുമാണ്, കത്തില്‍ പറയുന്നു.

ചില പ്രത്യേകഘട്ടങ്ങളില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ മന്ത്രിയെ പുറത്താക്കാന്‍ അധികാരമുണ്ടെന്നായിരുന്നു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അയച്ച കത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി അവകാശപ്പെട്ടത്. കള്ളപ്പണക്കേസില്‍ പ്രതിയായ സെന്തില്‍ ബാലാജി മന്ത്രിയായി തുടരുന്നത് കേസന്വേഷണത്തെയും നിയമനടപടികളേയും തടസ്സപ്പെടുത്തുമെന്നു കത്തിലുണ്ടായിരുന്നു.

Content Highlights: MK Stalin Tamil Nadu Governor R N Ravi Minister V Senthil Balaji letters reply