5.5 ലക്ഷം കോടിയുടെ നിക്ഷേപവാഗ്ദാനം; 2030 ല്‍ 100 ലക്ഷം കോടി സമ്പദ് വ്യവസ്ഥ ലക്ഷ്യമിട്ട് തമിഴ്നാട്

ചെന്നൈ: മുഖ്യമന്ത്രിയായി എം.കെ സ്റ്റാലിന് അധികാരമേറ്റ ശേഷമുള്ള തമിഴ്നാട്ടിലെ ആദ്യ ആഗോള നിക്ഷേപക സംഗമമാണ് (GIM 2024) ചെന്നൈയില്‍ കഴിഞ്ഞ ദിവസം ചെന്നൈ ട്രേഡ് സെന്ററില്‍ സമാപിച്ചത്. ഉദ്ദേശിച്ച ലക്ഷ്യത്തേക്കാള്‍ വലിയ നിക്ഷേപ വാഗ്ദാനങ്ങളാണ് സംഗമത്തിലൂടെ തമിഴ്നാടിന് ലഭിച്ചത്. നിക്ഷേപകസംഗമത്തിലെ വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായും യാഥാര്‍ത്ഥ്യമാക്കാന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സ്റ്റാലിന് ഉറപ്പുനല്‍കിയിട്ടുണ്ട്.
സംഗമത്തിന്റെ ആദ്യ ദിവസം തന്നെ 5.5 ലക്ഷം കോടി രൂപയുടെ നിക്ഷേപവാഗ്ദാനങ്ങളാണ് എത്തിയത്. നൂറ് ധാരണാപത്രങ്ങളും ആദ്യദിവസം ഒപ്പിട്ടുവെന്ന് നിക്ഷേപക സംഗമത്തിന്റെ സ്പെഷ്യല്‍ ഓഫീസര്‍ കൂടിയായ വ്യവസായ സെക്രട്ടറി അരുണ്‍ റോയ് അറിയിച്ചിരുന്നു. രണ്ടാം ദിവസത്തെ വാഗ്ദാനങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ ഈ നിക്ഷേപകസംഗമത്തിലൂടെ തമിഴ്നാടിന് മൊത്തം 6,64,180 കോടി രൂപയുടെ നിക്ഷേപമാണ് ആകര്‍ഷിക്കാന്‍ കഴിഞ്ഞതെന്ന് സ്റ്റാലിന് പറഞ്ഞു. ഇതുവഴി 26,90,657 തൊഴിലവസരങ്ങളാണ് സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. 14,54,712 പേര്‍ക്ക് നേരിട്ടും ബാക്കിയുള്ളവര്‍ക്ക് പരോക്ഷമായുമാണ് തൊഴില്‍ ലഭിക്കുക.
ഇതിന്റെ തുടര്‍ച്ചയായി തമിഴ്നാടിന്റെ സാധ്യതകളും കരുത്തും പ്രകടിപ്പിക്കുന്നതിന് ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ തമിഴ്നാട് വ്യവസായവകുപ്പ് പങ്കെടുക്കും. വ്യവസായ വികസനസാധ്യതകള്‍ ആരായുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്പെയിന്, ഓസ്ട്രേലിയ, യു.എസ്. തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. അടുത്ത 20 വര്‍ഷത്തേക്കുള്ള വ്യവസായ വികസനത്തിനാണ് നിക്ഷേപകസംഗമത്തില്‍ തറക്കല്ലിട്ടതെന്നാണ് സ്റ്റാലിന് സമാപനത്തില്‍ പറഞ്ഞത്.
വ്യവസായ മേഖലയില്‍ മാത്രം 3.79 ലക്ഷം കോടിയുടെ നിക്ഷേപമാണ് ലഭിച്ചത്. ഇതുവഴി എട്ടുലക്ഷത്തിലേറെ തൊഴിലവസരം സൃഷ്ടിക്കപ്പെടും. ഊര്‍ജ്ജമേഖലയിലെ 1.35 ലക്ഷം കോടിയുടെ നിക്ഷേപങ്ങളിലൂടെ 14,609 തൊഴിലവസരങ്ങള്‍ തമിഴ്നാട്ടിലെത്തും.
ഭവന-നഗരവികസന മേഖലയില്‍ 62,939 കോടിയുടെ നിക്ഷേപം (2.65 ലക്ഷം തൊഴിലുകള്‍), ഐ.ടി. ആന്‍ഡ് ഡിജിറ്റല്‍ സര്‍വ്വീസസ് മേഖലയില്‍ 22,130 കോടിയുടെ നിക്ഷേപം (ഒരുലക്ഷത്തിലേറെ തൊഴിലുകള്‍), ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റ്റൈല്‍സ് മേഖലയില്‍ 572 കോടിയുടെ നിക്ഷേപം (9,100 തൊഴിലുകള്‍) എന്നിങ്ങനെയാണ് മറ്റുമേഖലകളുടെ കണക്കുകള്‍.
2030 ഓടെ തമിഴ്നാടിന്റെ സമ്പദ്വ്യവസ്ഥയെ ഒരു ട്രില്യണ്‍ ഡോളറിലെത്തിക്കുക എന്നതാണ് സ്റ്റാലിന് നയിക്കുന്ന ഡി.എം.കെ. സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. അതിലേക്കുള്ള പാതയൊരുക്കുന്നതിനായിരുന്നു 30-ലേറെ ലോകരാജ്യങ്ങള്‍ പങ്കെടുത്ത ആഗോള നിക്ഷേപക സംഗമം.
വമ്പന്‍ പദ്ധതികള്‍
നിക്ഷേപ വാഗ്ദാനങ്ങളില്‍ തമിഴ്നാടിന്റെ മുഖഛായ മാറ്റാന്‍ തന്നെ കെല്‍പ്പുള്ള പ്രധാനപ്പെട്ട പദ്ധതികള്‍ ചുവടെ:
- തിരുനെല്‍വേലിയിലെ ടാറ്റാ പവറിന്റെ സോളാര്‍ പ്ലാന്റ് വികസിപ്പിക്കും (70,800 കോടി, 3800 തൊഴിലുകള്‍).
- ഡാറ്റാ സെന്റര്‍, പുനരുപയോഗ ഊര്‍ജ്ജം, സിറ്റി ഗ്യാസ് വിതരണം, സിമന്റ് നിര്‍മ്മാണം എന്നീ മേഖലകളിലായി അദാനി ഗ്രൂപ്പ് 42,768 കോടിയുടെ നിക്ഷേപം നടത്തും. പതിനായിരത്തിലേറെ പേര്‍ക്ക് ജോലി.
- സെംബ്കോര്‍പ്പ് തൂത്തുക്കുടി ജില്ലയില്‍ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് നിര്‍മ്മിക്കും. 36,238 കോടി ചെലവ്, 1500-ലേറെ തൊഴിലവസരം.
- തൂത്തുക്കുടി ജില്ലയില്‍ തന്നെ ലീപ്പ് ഗ്രീന്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന്റെ ഇന്റഗ്രേറ്റഡ് ഗ്രീന്‍ ഹൈഡ്രജന്‍ പവര്‍ സ്റ്റോറേജ് പ്ലാന്റ്. 17,400 കോടി ചെലവില്‍ 3,300-ലേറെ തൊഴിലുകള്‍.
- നാഗപട്ടണത്ത് ചെന്നൈ പെട്രോകെമിക്കല്‍സ് (സി.പി.സി.എല്‍) അധികനിക്ഷേപം നടത്തും. 17,000 കോടി രൂപയുടെ നിക്ഷേപം, 2400 തൊഴില്‍.
- ചെന്നൈയില്‍ 3,500 കോടിയുടെ ഇന്നോവേഷന്‍ ക്യാമ്പസ് എല്‍ ആന്‍ഡ് ടി നിര്‍മ്മിക്കും. ഇതുവഴി 40,000-ത്തിലേറെ പേര്‍ക്ക് തൊഴില്‍ ലഭിക്കും.
- സെമി കണ്ടക്ടര്‍ കമ്പനിയായ ക്വാല്‍കോം ചെന്നൈയില്‍ 177.27 കോടി രൂപ നിക്ഷേപിച്ചുകൊണ്ട് പുതിയ ഡിസൈന്‍ സെന്റര്‍ തുറക്കും. 1600-ലേറെ പേര്‍ക്ക് തൊഴില്‍ ലഭിക്കും.
- വിയറ്റ്നാമിലെ വൈദ്യുത വാഹന കമ്പനിയായ വിന് ഫാസ്റ്റ് തൂത്തുക്കുടിയില്‍ 16,000 കോടി നിക്ഷേപിക്കും. 3000-ത്തിലേറെ തൊഴിലുകള്‍.
- ഇന്ത്യന്‍ കമ്പനിയായ ജെ.എസ്.ഡബ്ല്യു. തൂത്തുക്കുടിയിലും തിരുനല്വേലിയിലുമായി 12,000 കോടി നിക്ഷേപിക്കും. ഇതുവഴി 6,000-ലേറെ തൊഴിലവസരം.
- കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ ഹ്യുണ്ടായ് തമിഴ്നാട്ടില്‍ അധികമായി 6,180 കോടി നിക്ഷേപിക്കും.
- ഇരുചക്ര, മുച്ചക്ര വാഹന നിര്‍മ്മാതാക്കളായ ടി.വി.എസ്. 5,000 കോടി നിക്ഷേപിക്കും. 500 തൊഴിലവസരങ്ങളുണ്ടാകും.
- ജാപ്പനീസ് കമ്പനിയായ മിത്സുബിഷി ഗുമ്മിഡിപൂണ്ടിയില്‍ 200 കോടി നിക്ഷേപിക്കും.
- അമേരിക്കന്‍ സോളാര്‍ ടെക്നോളജി കമ്പനിയായ ഫസ്റ്റ് സോളാര്‍ കാഞ്ചീപുരത്ത് 2,500 കോടി നിക്ഷേപിക്കും. 350 പേര്‍ക്ക് തൊഴില്‍ ലഭിക്കും.
- തായ്വാന് കമ്പനിയായ പെഗാട്രോണ്‍ 1,000 കോടി നിക്ഷേപത്തില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് യൂണിറ്റ് നിര്‍മ്മിക്കും. 8,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.
- ചെങ്കല്‍പേട്ടില്‍ ഗോദ്റേജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് 515 കോടി നിക്ഷേപത്തില്‍ മാനുഫാക്ചറിങ് യൂണിറ്റ് ആരംഭിക്കും. 446 പേര്‍ക്ക് തൊഴില്‍ ലഭിക്കും.
Content Highlights: Tamil Nadu attracts proposals worth Rs 6.6 lakh crore after global investment meet.