മിലിന്ദ് ദേവ്റ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചു; ശിവസേന ഷിന്ദേ പക്ഷത്തു ചേര്‍ന്നേക്കും

മുംബൈ: മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ നയിക്കുന്ന ശിവസേനയിലേക്കാണ് അദ്ദേഹം പോകുന്നത് എന്നാണ് സൂചന.
സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് മിലിന്ദ് രാജിവിവരം അറിയിച്ചത്. പാര്‍ട്ടിയില്‍നിന്ന് രാജി വെക്കുകയാണെന്നും തന്റെ കുടുംബത്തിന്റെ 55 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണ് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
'എന്റെ രാഷ്ട്രീയ യാത്രയിലെ സുപ്രധാനമായൊരു അധ്യായത്തിന്റെ അവസാനമാണ് ഇന്ന്. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് ഞാന്‍ രാജിവെച്ചു. ഇതോടെ എന്റെ കുടുംബത്തിന്റെ 55 വര്‍ഷം നീണ്ട കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. വര്‍ഷങ്ങളായി നല്കിയ അചഞ്ചലമായ പിന്തുണയ്ക്ക് എല്ലാ നേതാക്കളോടും സഹപ്രവര്‍ത്തകരോടും നന്ദി പറയുന്നു.' -മിലിന്ദ് എക്സില്‍ കുറിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് മിലിന്ദ് ദേവ്റ പാര്‍ട്ടി വിടുന്നത്. ദക്ഷിണ മുംബൈ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് രാജിക്ക് കാരണമെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ മുന്‍ മുംബൈ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമാണ് മിലിന്ദ്.
ഒട്ടേറെ തവണ കേന്ദ്രമന്ത്രിയായിരുന്ന മുരളി ദേവ്റയുടെ മകനാണ് 47-കാരനായ മിലിന്ദ് ദേവ്റ. ദക്ഷിണ മുംബൈയില്‍ നിന്ന് സ്ഥിരമായി കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചിരുന്ന അദ്ദേഹത്തിന്റെ മരണശേഷമാണ് മിലിന്ദ് ദേവ്റ ഇവിടെ മത്സരിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ ഒപ്പം മത്സരിച്ച് ശിവസേനയുടെ അരവിന്ദ് സാവന്താണ് ഇവിടെ നിന്ന് വിജയിക്കുന്നത്. ശിവസേനാ ഉദ്ധവ് താക്കറെ പക്ഷത്താണ് നിലവില്‍ അരവിന്ദ് സാവന്ത്.
ഇന്ത്യാ സഖ്യത്തിന്റെ സീറ്റ് വിഭജന ചര്‍ച്ചയ്ക്ക് മുമ്പുതന്നെ ദക്ഷിണ മുംബൈ സീറ്റ് വിട്ടുതരില്ലെന്ന് ശിവസേന (ഉദ്ധവ് താക്കറെ പക്ഷം) വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ അന്നുതന്നെ മിലിന്ദ് ദേവ്റ രംഗത്തെത്തുകയും ചെയ്തിരുന്നു. സീറ്റ് വിഭജന ചര്‍ച്ചയില്‍ സീറ്റ് ശിവസേനയ്ക്ക് നല്കാന് ധാരണയായതാണ് മിലിന്ദ് ദേവ്റയെ പ്രകോപിപ്പിച്ചത്.
അതേസമയം ബി.ജെ.പിയ്ക്കൊപ്പമുള്ള ശിവസേനാ ഷിന്ദേ പക്ഷത്തേക്ക് ചേക്കേറിയാലും ദക്ഷിണ മുംബൈ സീറ്റില്‍ മിലിന്ദ് ദേവ്റയ്ക്ക് മത്സരിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ബി.ജെ.പിയാകും ഇവിടെ മത്സരിക്കുന്നത്.
Content Highlights: Milind Deora resigns from Congress says Ending my family's 55-year relationship