മഹാത്മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ കേന്ദ്രം; തൊഴിൽദിനം 125 ആക്കി ഉയർത്തും

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്നിയമം (MGNREGA) പരിഷ്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഗ്രാമീണ കുടുംബങ്ങൾക്ക് ഉറപ്പാക്കുന്ന തൊഴിൽ ദിനങ്ങളുടെ എണ്ണം 100-ൽ നിന്ന് 125 ദിവസമായി ഉയർത്തുന്നതിനുള്ള നിർദേശമാണ് കേന്ദ്ര മന്ത്രിസഭ തിങ്കളാഴ്ച ചർച്ച ചെയ്തത്. നിയമത്തിന്റെ പേര് മാറ്റാനും സർക്കാർ ആലോചിക്കുന്നുണ്ട്.
ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ട് ഗ്രാമീണ കുടുംബങ്ങൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 100 ദിവസത്തെ കൂലിത്തൊഴിൽ ഉറപ്പുനൽകുന്ന പദ്ധതിയാണിത്. ഈ പരിധി 125 ദിവസമായി ഉയർത്താനാണ് ആലോചന. നിയമത്തിന്റെ പേര് 'പൂജ്യ ബാപ്പു ഗ്രാമീണ തൊഴിലുറപ്പ് നിയമം' എന്ന് മാറ്റുന്നതിനുള്ള നിർദേശവും മന്ത്രിസഭ ചർച്ച ചെയ്തു. പദ്ധതിയുടെ പേര് മാറ്റുന്നതിനും തൊഴിൽ ദിനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനും നിലവിലെ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ട്.
2026 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുന്ന പതിനാറാം ധനകാര്യ കമ്മീഷന്റെ പ്രാഥമിക പദ്ധതിയായി നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, 2029-30 വരെ അഞ്ച് വർഷത്തേക്ക് പദ്ധതിയുടെ തുടർച്ചയ്ക്കായി 5.23 ലക്ഷം കോടി രൂപ ചെലവാണ് കണക്കാക്കുന്നത്. ഇതിനുള്ള തുക എക്സ്പെൻഡിച്ചർ ഫിനാൻസ് കമ്മിറ്റിയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
2005-ൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്നിയമം എന്ന പേരിൽ ആരംഭിച്ച ഈ പദ്ധതി, 2009 ഒക്ടോബർ രണ്ടുമുതൽ യുപിഎ സർക്കാർ ‘മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം’ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.
2020-21 കാലയളവിൽ കോവിഡ് മഹാമാരിയെത്തുടർന്ന്, 7.55 കോടി ഗ്രാമീണ കുടുംബങ്ങൾ പദ്ധതിയുടെ ഉപഭോക്താക്കളായി എന്നാണ് സർക്കാർ കണക്ക്. എന്നാൽ, 2022 മുതൽ പദ്ധതിയിൽ ഗുണഭോക്താക്കളായവരുടെ എണ്ണം ക്രമേണ കുറഞ്ഞു. 2024-25 സാമ്പത്തിക വർഷത്തിൽ ഒരു കുടുംബത്തിന് ശരാശരി 50 ദിവസത്തെ തൊഴിൽ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം 40.70 ലക്ഷം കുടുംബങ്ങൾ മാത്രമാണ് 100 ദിവസത്തെ തൊഴിൽ പരിധി പൂർത്തിയാക്കിയത്. സർക്കാർ കണക്കുകൾ പ്രകാരം, 2005-ൽ പദ്ധതി ആരംഭിച്ചതുമുതൽ ഇതുവരെ 4,872.16 കോടി തൊഴിൽ സൃഷ്ടിക്കുകയും 11,74,692.69 കോടി രൂപ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: Central government proposes major reforms for MGNREGA, including increasing guaranteed workdays to 125 and a potential name change.