ആകാശ് ഭാര്യാപിതാവിന്റെ സ്വാധീനത്തിൽ; പദവിയിൽനിന്ന് നീക്കിയതിനുപിന്നാലെ അനന്തരവനെ പുറത്താക്കി മായാവതി

ആകാശ് ആനന്ദും മായാവതിയും | Photo: PTI
ആകാശ് ആനന്ദും മായാവതിയും | Photo: PTI

ലഖ്‌നൗ: ദേശീയ കോര്‍ഡിനേറ്റര്‍ പദവിയില്‍നിന്ന് നീക്കിയതിന് പിന്നാലെ അനന്തരവന്‍ ആകാശ് ആനന്തിനെ ബി.എസ്.പിയില്‍നിന്ന് പുറത്താക്കി മായാവതി. ദേശീയ കോര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ആകാശ് നടത്തിയ പരാമര്‍ശങ്ങളാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ കാരണമായി മായാവതി ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ പാര്‍ട്ടി പുറത്താക്കിയ, ഭാര്യാപിതാവിന്റെ സ്വാധീനത്തിലാണ് ആകാശെന്ന് ചൂണ്ടിക്കാട്ടിയാണ് പദവിയില്‍നിന്ന് മാറ്റിയതെന്ന് മായാവതി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ പരാമര്‍ശങ്ങള്‍ പശ്ചാത്താപതിന്റേതിന് പകരം ധാര്‍ഷട്യം പ്രകടിപ്പിക്കുന്ന താണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'പുറത്താക്കപ്പെട്ട ഭാര്യാപിതാവ് അശോക് സിദ്ധാര്‍ഥിന്റെ നിരന്തര സ്വാധീനത്തിലായതിനാലാണ് ആകാശിനെ പാര്‍ട്ടി പദവികളില്‍നിന്ന് നീക്കിയത്. പുറത്താക്കപ്പെട്ട ആകാശ് പശ്ചാത്തപിക്കുകയും പക്വത കാണിക്കുകയും ചെയ്യേണ്ടിയിരുന്നു. എന്നാല്‍, ആകാശ് പങ്കുവെച്ച കുറിപ്പ് പശ്ചാത്താപത്തിന്റെ സൂചനയോ രാഷ്ട്രീയ പക്വതയോ കാണിക്കേണ്ടതിന് പകരം, അഹങ്കാരവും ധിക്കാരവും നിറഞ്ഞതും ഭാര്യാപിതാവിന്റെ സ്വാധീനത്തിലുള്ളതുമാണ്', മായാവതി കുറിച്ചു. പാര്‍ട്ടിയുടെ താത്പര്യം മുന്‍നിര്‍ത്തി ഭാര്യാപിതാവിനെ പോലെ ആകാശിനേയും പുറത്താക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒരുവര്‍ഷത്തിനിടെ രണ്ടാം തവണയാണ് ആകാശിനെ പാര്‍ട്ടി ദേശീയ കോര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. പിന്നാലെ പിതാവും മായാവതിയുടെ സഹോദരനുമായ ആനന്ദ് കുമാറിനേയും രാജ്യസഭാ എം.പി. രാംജി ഗൗതമിനേയും ബി.എസ്.പി. ദേശീയ കോര്‍ഡിനേറ്റര്‍മാരായി നിയമിച്ചിരുന്നു. ജീവിതകാലത്ത് ഒരിക്കലും താന്റെ പിന്‍ഗാമിയെ പ്രഖ്യാപിക്കില്ലെന്നും മായാവതി പ്രഖ്യാപിച്ചിരുന്നു.

മായാവതിയുടെ നേതൃത്വത്തിന് കീഴിയില്‍ സഹനത്തിന്റേയും കൂറിന്റേയും സമര്‍പ്പണത്തിന്റേയും മറക്കാനാവാത്ത പാഠങ്ങള്‍ താന്‍ പഠിച്ചുവെന്ന് സ്ഥാനമാറ്റത്തിന് പിന്നാലെ ആകാശ് എക്‌സില്‍ കുറിച്ചു. 'പദവിയില്‍നിന്ന് മാറ്റിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. തീരുമാനം വ്യക്തിപരമായി വൈകാരികമാണെങ്കിലും അത് വലിയ വെല്ലുവിളിയാണ്. പരീക്ഷണം കടുപ്പമേറിയതും പോരാട്ടം നീണ്ടതുമാണ്. ഇത്തരം മോശം സമയങ്ങളില്‍ ക്ഷമയും ദൃഢനിശ്ചയവുമാണ് ശരിയായ കൂട്ടാളികള്‍. പാര്‍ട്ടിയുടെ തീരുമാനത്തോടെ എന്റെ രാഷ്ട്രീയ ഭാവി അവസാനിച്ചുവെന്നാണ് രാഷ്ട്രീയ എതിരാളികള്‍ കരുതുന്നത്. ബഹുജന്‍ പ്രസ്ഥാനം ഒരു തൊഴിലല്ല, മറിച്ച് ദളിതരുടെയും മര്‍ദിതരുടേയും പാവപ്പെട്ടവരുടേയും ചൂഷിതരുടേയും ആത്മാഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടമാണ്', ആകാശ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Akash Anand, removed as BSP national coordinator, is expelled by Mayawati