അയോധ്യയിലെ മര്യാദ പുരുഷോത്തം ശ്രീരാം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ആദ്യസര്‍വീസ് നവംബറില്‍

നിര്‍മാണം പൂര്‍ത്തിയാകുന്ന അയോധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രേഖാചിത്രം | Photo : X / @Ravisutanjani
നിര്‍മാണം പൂര്‍ത്തിയാകുന്ന അയോധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രേഖാചിത്രം | Photo : X / @Ravisutanjani

ന്യൂഡല്‍ഹി: അയോധ്യ അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്നുള്ള ആഭ്യന്തരവിമാനസര്‍വീസുകള്‍ നവംബറില്‍ ആരംഭിക്കും. 'മര്യാദ പുരുഷോത്തം ശ്രീരാം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്' എന്നാണ് വിമാനത്താവളത്തിന്റെ ഔദ്യോഗികനാമം. ഒക്ടോബറോടെ നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിമാനത്താവളത്തിന്റെ ഡയറക്ടര്‍ വിനോദ് കുമാര്‍ പറഞ്ഞു. ടെര്‍മിനല്‍ കെട്ടിടത്തിന്റെ നിര്‍മാണം 25 ശതമാനം പൂര്‍ത്തിയാക്കിയതായും കഴിയുന്നത്ര വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനത്തിലാണ് എയര്‍പോര്‍ട്ട് അതോറിറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2,200 മീറ്റര്‍ ദൈര്‍ഘ്യമുള്ള റണ്‍വേയുടെ നിര്‍മാണം ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. നിര്‍മാണപ്രവൃത്തിയുടെ രണ്ടാം ഘട്ടത്തില്‍ റണ്‍വേയുടെ നീളം 3,125 മീറ്ററായും മൂന്നാം ഘട്ടത്തില്‍ 3,750 മീറ്ററായും വര്‍ധിപ്പിക്കും. മൂന്നാം ഘട്ടം പൂര്‍ത്തിയായ ശേഷമായിരിക്കും ഇവിടെനിന്ന് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ആരംഭിക്കുക. ഒക്ടോബറില്‍ ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വിമാനസര്‍വീസുകള്‍ ആരംഭിക്കാനുള്ള അനുമതി തേടി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ(ഡിജിസിഎ) സമീപിക്കുമെന്നും വിമാനത്താവളത്തിന്റെ പരിശോധനയ്ക്ക് ശേഷം സര്‍വീസുകള്‍ക്കുള്ള അനുമതി ലഭിക്കുമെന്നും വിനോദ് കുമാര്‍ വ്യക്തമാക്കി. 

വിമാനത്താവളത്തിന്റെ ആദ്യഘട്ട നിര്‍മാണത്തിന് 321 കോടി രൂപയാണ് വകയിരുത്തിയത്. രണ്ടും മൂന്നും ഘട്ട നിര്‍മാണത്തിനായി അധികനിക്ഷേപം വേണ്ടിവരും. വിമാനത്താവളത്തിനായി വേണ്ട 821 ഏക്കര്‍ ഭൂമിയില്‍ 799 ഏക്കര്‍ സ്ഥലം ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. ബാക്കി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു. ആദ്യഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ പ്രധാനനഗരങ്ങളിലേക്ക് അയോധ്യയില്‍ നിന്ന് വിമാനസര്‍വീസുകള്‍ ഉണ്ടാകും.

Content Highlights: Maryada Purushottam Shriram International Airport, Ayodhya Airport, domestic flights in November