ഖട്ടര്‍ സര്‍ക്കാര്‍ രാജിവച്ചു; ഹരിയാണയില്‍ സഖ്യം തകര്‍ന്നു, ചൗട്ടാലയുടെ പാര്‍ട്ടി പിളര്‍ത്താന്‍ BJP

ചണ്ഡീഗഢ്: അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെ ഹരിയാണയിലെ ബിജെപി-ജെജെപി മന്ത്രിസഭ രാജിവച്ചു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ്ക്ക് രാജിക്കത്ത് കൈമാറി.
ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ജന്‍നായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി)-ബി.ജെ.പി ഭിന്നതയ്ക്കിടെയാണ് ഖട്ടറിന്റെ രാജി. ദുഷ്യന്ത് ചൗട്ടാലയുമായുള്ള ബന്ധം മുറിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജെ.ജെ.പിയെ പിളര്‍ത്തി അഞ്ച് എം.എല്‍.എമാര്‍ ബിജെപിക്കൊപ്പം ചേരുമെന്നാണ് സൂചന.
വൈകീട്ട് അഞ്ചുമണിക്ക് ഖട്ടർ തന്നെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഗതാഗതമന്ത്രിയായിരുന്ന മൂൽചന്ദ് ശർമ്മ പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുരുക്ഷേത്ര മണ്ഡലത്തില്‍ നിന്നുള്ള എം.പി. നായബ് സിങ് സൈനി ഹരിയാണയുടെ പുതിയ മുഖ്യമന്ത്രിയാകുമെന്നും ഘട്ടറിനെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിച്ചേക്കുമെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം. സംസ്ഥാനത്തെ പത്ത് സീറ്റിലും ബി.ജെ.പി. ഒറ്റയ്ക്ക് മത്സരിക്കും. ഹിസാര്‍, ഭിവാനി-മഹേന്ദ്രഗഡ് ലോക്‌സഭാ മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് വേണമെന്ന ജെ.ജെ.പിയുടെ ആവശ്യം ബി.ജെ.പി. തള്ളിയതാണ് സഖ്യത്തിന്റെ തകര്‍ച്ചയിലേക്ക് നയിച്ചത്.
90 സീറ്റുകളുള്ള ഹരിയാണ നിയമസഭയില്‍ 41 സീറ്റുകളുള്ള ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. സ്വതന്ത്രന്മാരുടേയും ഹരിയാണ ലോക്ഹിത് പാര്‍ട്ടിയുടെ (എച്ച്.എല്‍.പി) ഒരു എം.എല്‍.എയുടേയും പിന്തുണയുള്ളതിനാല്‍ ബി.ജെ.പി സര്‍ക്കാരിന് ഭീഷണിയില്ല. സഭയില്‍ പത്ത് സീറ്റുകളാണ് ജെ.ജെ.പിയ്ക്കുള്ളത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന ജെ.ജെ.പിയുടെ ആവശ്യം ബി.ജെ.പി. തള്ളിയതോടെയാണ് ഹരിയാണയില്‍ തര്‍ക്കം തുടങ്ങിയത്. ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നദ്ദയുമായി ദുഷ്യന്ത് ചൗട്ടാല ഡല്‍ഹിയില്‍ വച്ച് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചൊവ്വാഴ്ച രാവിലേക്ക് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച നടന്നില്ല എന്നതും ശ്രദ്ധേയമാണ്.
ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമില്ലാത്ത സഭയില്‍ 2019-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ജെ.ജെ.പിയുമായി സഖ്യത്തിലാണ് സര്‍ക്കാര്‍ ഭരിക്കുന്നത്. കര്‍ഷക സമരവും ജെ.ജെ.പിയെ സഖ്യം വിടാന്‍ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
Content Highlights: Manohar Lal Khattar resigns as Haryana CM as BJP alliance with JJP breaks