മണിപ്പുരിൽ കൊല്ലപ്പെട്ടയാളുടെ തല 48 മണിക്കൂറിനുള്ളിൽ വിട്ടുനൽകണമെന്ന് നാഗാസംഘടന; അന്ത്യശാസനം, വംശീയ സംഘർഷ ഭീതി

ഇംഫാൽ: മണിപ്പുരിൽ വീണ്ടും പൊട്ടിപ്പുറപ്പെട്ട വംശീയ സംഘർഷങ്ങൾക്കിടെ, സായുധ സംഘം കൊന്നയാളുടെ തല 48 മണിക്കൂറിനുള്ളിൽ വിട്ടുനൽകണമെന്ന് നാഗാ പൗരസമൂഹ സംഘടന അന്ത്യശാസനം നൽകി. കാങ്പോക്പി ജില്ലയിലെ മകുയി അഷാങ് ഗ്രാമത്തിൽ ശനിയാഴ്ചയാണ് അജിൻബൗ (52) എന്നയാൾ കൊല്ലപ്പെട്ടത്. അജിൻബൗവിന്റെ തല കൈയിലേന്തിക്കൊണ്ടുള്ള സായുധസംഘത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് അജിൻബൗവിന്റെ തലയില്ലാത്ത മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഞായറാഴ്ച രാത്രി ഇംഫാലിലെ ജവാഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തിച്ചത്. ബന്ധുക്കളും സംഘടനയും പോസ്റ്റ്‌മോർട്ടം തടഞ്ഞു.
തല ബന്ധുക്കൾക്ക് വിട്ടുനൽകി അന്തസ്സോടെ സംസ്കാരം നടത്താൻ അനുവദിക്കാതെ പോസ്റ്റ്‌മോർട്ടം നടത്താൻ സമ്മതിക്കില്ലെന്ന് ജോയിന്റ് ട്രൈബ്സ് കൗൺസിൽ മണിപ്പുർ വ്യക്തമാക്കി. സംസ്ഥാന-കേന്ദ്ര സർക്കാരുകളാണ് പുതിയ സംഘർഷങ്ങൾക്ക് ഉത്തരവാദികളെന്നും 48 മണിക്കൂറിനകം തല വീണ്ടെടുത്ത് നൽകിയില്ലെങ്കിൽ കടുത്ത പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പുനൽകി.
സംഭവങ്ങളെ ശക്തമായി അപലപിച്ച മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ്, ക്രമസമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി.
Content Highlights: Amid Manipur violence, the tribal council insists on returning the victim's head, blaming state and central governments for the unrest.