മണിപ്പുർ വീണ്ടും സംഘർഷഭരിതം, കുക്കി വിഭാഗക്കാരുടെ 15 വീടുകൾ അഗ്നിക്കിരയാക്കി; ഒരാൾ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്

ഇംഫാൽ: വീണ്ടും സംഘർഷഭരിതമായി മണിപ്പുർ. കാംജോങ് ജില്ലയിലെ ചസ്സാദ് ഗ്രാമത്തിൽ, കുക്കി വിഭാഗത്തിൽപ്പെട്ടവരുടെ പതിനഞ്ചോളം വീടുകൾ അഗ്നിക്കിരയാക്കി. ഇതോടെ ഭയചകിതരായ നിരവധിപ്പേർ വനപ്രദേശങ്ങളിലും സമീപത്തെ സൈനിക ക്യാമ്പുകളിലേക്കും അഭയംതേടാൻ നിർബന്ധിതരായി. ശനിയാഴ്ച രാത്രിയാണ് അക്രമികൾ ഗ്രാമത്തിലെത്തി വീടുകൾക്ക് തീവെച്ചതെന്ന് അധികൃതർ പറഞ്ഞു.
ഞായറാഴ്ച പുലർച്ചെ അക്രമികൾ, കുക്കികൾക്കുനേരെ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാലുപേർക്ക് വെടിയേറ്റ് പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനായി അസം റൈഫിൾസിന്റെയും ബിഎസ്എഫിന്റെയും കംജോങ് പോലീസിന്റെയും സംയുക്തസംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
ചസ്സാദ് ഗ്രാമത്തിലെ സംഘർഷത്തിലും കുക്കി വിഭാഗത്തിലെ ഒരാൾ കൊല്ലപ്പെട്ടതിലും മണിപ്പുർ ഉപമുഖ്യമന്ത്രി നെംച കിഗ്പെൻ അനുശോചനം അറിയിച്ചു. സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി, ജില്ലാ ഭരണകൂടത്തോടും പോലീസിനോടും സുരക്ഷാസേനയോടും മുഴുവൻസമയവും ജാഗരൂകരായിരിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
Content Highlights: 15 houses belonging to the Kuki community torched in Chassad village, Kamjong district., One person killed and four injured in fresh attacks., Security forces including Assam Rifles, BSF, and police deployed to control the situation.