രഹസ്യവിപണിയിൽ മൂന്നുലക്ഷംവരെ വില; അഞ്ചുകിലോ ഈനാംപേച്ചി ചെതുമ്പലുമായി മൂവർസംഘം പിടിയിൽ

#സി.കെ. റിംജു
പിടിച്ചെടുത്ത ഈനാംപേച്ചി ചെതുമ്പലുമായി വനംവകുപ്പ് സി.ഐ.ഡി സ്ക്വാഡ്
പിടിച്ചെടുത്ത ഈനാംപേച്ചി ചെതുമ്പലുമായി വനംവകുപ്പ് സി.ഐ.ഡി സ്ക്വാഡ്

മംഗളൂരു: അന്താരാഷ്ട്ര രഹസ്യവിപണിയിൽ ലക്ഷങ്ങൾ വിലയുള്ള ഈനാംപേച്ചിയുടെ ചെതുമ്പലുമായി മൂന്നുപേരെ വനംവകുപ്പ് സി.ഐ.ഡി. സ്ക്വാഡ് അറസ്റ്റ് ചെയ്തു. ബെംഗളൂരു സൗത്തിലെ എച്ച്.ആർ.ജഗദീഷ് (50), ബെംഗളൂരു ബാണഷ്‌നഗരിയിലെ ബാബു (48), കനകപുരയിലെ സിദ്ദു നായിക് (38) എന്നിവരാണ് ചെതുമ്പൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞദിവസം കദ്രി പാർക്കിനു സമീപത്ത് അറസ്റ്റിലായത്.

അഞ്ചുകിലോ വരുന്ന ചെതുമ്പലിന് വിപണിയിൽ മൂന്നുലക്ഷത്തോളം രൂപ വിലവരുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. രഹസ്യവിവരത്തെത്തുടർന്ന്‌ നടത്തിയ പരിശോധയിലാണ് ഇവർ അറസ്റ്റിലായത്. കാറിലെത്തിയ മൂവർസംഘം ചെതുമ്പൽ വിൽക്കാൻ ശ്രമിക്കവെയായിരുന്നു അറസ്റ്റ്. വാങ്ങാൻ വന്നവർ രക്ഷപ്പെട്ടു. കാർ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹജരാക്കിയ ഇവരെ കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു.

ചെതുമ്പൽ എന്തിന്...

മനുഷ്യനഖം, മുടി എന്നിവയിലെ കരാറ്റിൻ ഏറെ അടങ്ങിയിട്ടുള്ള ഈ ചെതുമ്പലിന് ഔഷധഗുണമുണ്ടെന്നാണ് വിശ്വാസം. ആഫ്രിക്കയിലെയും ഏഷ്യയിലെയും ചില രാജ്യങ്ങളിൽ പരമ്പരാഗത മരുന്നുണ്ടാക്കാൻ ഇത് ഉപയോഗിക്കുന്നുണ്ട്. ഈ ചെതുമ്പൽകൊണ്ട് നിർമിക്കുന്ന ആഭരണങ്ങൾക്കും കൗതുകവസ്തുക്കൾക്കും അന്താരാഷ്ട്രവിപണിയിൽ നല്ല വിലയുണ്ട്.

ആഭിചാരപ്രവൃത്തികൾക്കും ഇത് ഉപയോഗിക്കുന്നുണ്ട്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ട ഈനാംപേച്ചിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ ഫെബ്രുവരി 20 ലോക ഈനാംപേച്ചി ദിനമായി ആചരിക്കുന്നുണ്ട്.

Content Highlights: Three suspects arrested in Mangaluru for attempting to sell 5kg of pangolin scales., The seized scales are estimated to be worth approximately 3 lakh rupees., Pangolin scales are illegally sought for traditional medicine, jewelry, and occult practices., Pangolins are a critically endangered species protected under wildlife laws., World Pangolin Day is observed on February 20th to promote conservation awareness.