സിപ്-ലൈന്‍ ബെല്‍റ്റ് പൊട്ടി, 30 അടി ഉയരത്തില്‍നിന്ന് താഴേക്ക് വീണു; പത്തുവയസുകാരിക്ക് ഗുരുതര പരിക്ക്

മണാലി: ഹിമാചല്‍പ്രദേശിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മണാലിയില്‍ സിപ് ലൈന്‍ ബെല്‍റ്റ് പൊട്ടി താഴെ വീണ് പത്തുവയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. നാഗ്പുര്‍ സ്വദേശിനിയായ തൃഷ ബിജ്‌വെക്കാണ് പരിക്കേറ്റത്. 30 അടി ഉയരത്തിൽനിന്നാണ് കുട്ടി താഴേക്ക് വീണത്. കഴിഞ്ഞ ഞായറാഴ്ച (ജൂണ്‍ എട്ട്) നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് ലോകമറിഞ്ഞത്.
അവധിക്കാലം ആഘോഷിക്കാനാണ് അച്ഛന്‍ പ്രഫുല്ല ബിജ്‌വെയ്ക്കും അമ്മയ്ക്കുമൊപ്പം തൃഷ മണാലിയില്‍ എത്തിയത്. ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ് രണ്ടുമലകള്‍ക്ക് നടുവിലൂടെ ഒഴുകുന്ന പുഴയ്ക്ക് കുറുകെയായി വലിച്ചിട്ടുള്ള സിപ് ലൈന്‍. പ്രകൃതിഭംഗി ആസ്വദിച്ച് പുഴയ്ക്ക് കുറുകെയുള്ള ലൈനിലൂടെ ഒരു മലയില്‍നിന്ന് എതിര്‍ഭാഗത്തുള്ള മലയിലേക്ക് പറന്നിറങ്ങുന്നതുപോലെയുള്ള യാത്ര സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്.
പുഴയ്ക്ക് കുറുകെ, മലകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് സ്ഥാപിച്ചിട്ടുള്ള കമ്പിയില്‍ കോര്‍ത്തിട്ടുള്ള ബെല്‍റ്റിലാണ് സഞ്ചാരികളെ ബന്ധിപ്പിക്കുക. ഈ ബെല്‍റ്റ് പൊട്ടിയാണ് തൃഷ് 30 അടി താഴ്ചയില്‍ വെള്ളത്തിലേക്ക് വീണത്. സംഭവസ്ഥലത്ത് മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല എന്നും അപകടം നടന്ന ശേഷം തങ്ങളെ സഹായിക്കാന്‍ സിപ് ലൈന്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ തയ്യാറായില്ല എന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു.
വീഴ്ചയില്‍ തൃഷയുടെ കാലുകള്‍ക്ക് നിരവധി ഒടിവുകള്‍ സംഭവിച്ചിട്ടുണ്ട്. മണാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൃഷയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഛണ്ഡീഗഡിലെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ നാഗ്പുരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി ഉള്ളത്. തൃഷ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു.
സിപ് ലൈനുമായി ബന്ധപ്പെട്ടവര്‍ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഇവിടെ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. തൃഷയുടെ മാതാപിതാക്കള്‍ തന്നെയാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ എക്‌സില്‍ പങ്കുവെച്ചത്. സംഭവത്തെക്കുറിച്ച് മണാലി ടൂറിസം വകുപ്പ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Content Highlights: zip line belt breaks mid air in manali 10 year old girl injured viral video himachal pradesh