ഡൽഹി തെരുവിൽ തളർന്നുവീണ സുൽഫിക്കറിന് തുണയായി മലയാളി കൂട്ടായ്മ; മൂന്നു വർഷത്തിനുശേഷം യുവാവ് കിഴക്കമ്പലത്തേക്ക്

ന്യൂഡൽഹി: ഡൽഹിയിലെ തെരുവിൽ തളർന്നുവീണ യുവാവിനെ കണ്ടപ്പോൾ മനോഹർ ചാമ്പ്രയ്ക്ക് തോന്നിയ കാരുണ്യം. യുവാവ് മലയാളിയാണെന്ന് തിരിച്ചറിഞ്ഞതോടെ തുടങ്ങിയ അന്വേഷണം. ഒടുവിൽ അതെത്തിനിന്നത് എറണാകുളം കിഴക്കമ്പലത്ത്. മൂന്നു വർഷം മുമ്പ് നാടുവിട്ടുപോയ സുൽഫിക്കറിന് ഡൽഹിയിലെ തെരുവിൽനിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങിയത് ഡൽഹിയിലെ മലയാളികളടക്കമുള്ള ഒരു കൂട്ടം മനുഷ്യരുടെ കരുതലിൽ. മംഗള എക്സ്പ്രസ്സിൽ കേരളത്തിലേക്ക് തിരിച്ച് സുൽഫിക്കൽ ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിലെത്തും.
ഡൽഹിയിൽ മലയാളി കൂട്ടായ്മയിൽ സജീവമായ കാർട്ടൂണിസ്റ്റ് സുധീർ നാഥാണ് സുൽഫിക്കറിനെ വീട്ടിലെത്തിക്കാൻ മുൻകൈ എടുത്തത്. ഒക്ടോബർ പത്തിന് രാവിലെ സുധീർ നാഥിന് സുഹൃത്തായ ഗോപാലകൃഷ്ണൻ്റെ ഫോൺ വന്നു. ഡൽഹി ആസഫ് അലി റോഡിലെ വ്യവസായി മനോഹർ ചാമ്പ്രയുടെ ഓഫീസിന് തൊട്ടുതാഴെ അവശനിലയിൽ ഒരു യുവാവ് കിടക്കുന്നു. മലയാളിയാണെന്ന് തോന്നുന്നു.
യുവാവിനെക്കുറിച്ചുള്ള വിവരം സുധീർനാഥ്
ഉടൻ ആൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) ഭാരവാഹികളായ ജയരാജിനെയും സജൻ കുമാറിനെയും ഡൽഹി ഗേറ്റിന് സമീപത്തെ സർക്കാർ ആശുപത്രിയിൽ ജീവനക്കാരനായ സുഹൃത്ത് ജാനു വേലായുധനെയും അറിയിച്ചു. വിവരമറിഞ്ഞ് എയ്മ ഭാരവാഹികളായ എം.കെ. അനിൽ കുമാർ, രവീന്ദ്രൻ, നളിനി മോഹൻ എന്നിവരും ജാനു വേലായുധനും ഉടൻ സ്ഥലത്തെത്തി.
എറണാകുളം ജില്ലയിലെ കിഴക്കമ്പലം വിലങ്ങ് മരോട്ടിക്കൽ അബൂബക്കറിന്റെ മകൻ സുൽഫിക്കറാണ് യുവാവെന്ന് അപ്പോഴാണ് മനസ്സിലായത്. മൂന്നു വർഷം മുമ്പ് വീട്ടിൽനിന്ന് ഇറങ്ങിപ്പോയ സുൽഫിക്കർ ജെസിബി ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ്.
അപകടത്തിൽ കാലിന് പരിക്കേറ്റിരുന്ന സുൽഫിക്കറിന് മതിയായ ചികിത്സ ലഭിച്ചിരുന്നില്ല. കാലിൽ വ്രണം കയറിയ നിലയിലായിരുന്നു. സംഘടനാ പ്രവർത്തകർ സുൽഫിക്കറിനെ സഞ്ജീവനി ആശുപത്രിയിലെത്തിച്ചു. മുറിവുകൾ വൃത്തിയാക്കി ആവശ്യമായ മരുന്നുകൾ നൽകി. ചികിത്സയ്ക്കൊപ്പം നാട്ടിലേക്ക് മടങ്ങാനുള്ള വഴിയും അവർ ഒരുക്കി.
ശനിയാഴ്ച മംഗള എക്സ്പ്രസിൽ ജാനു വേലായുധനൊപ്പം സുൽഫിക്കർ നാട്ടിലേക്ക് യാത്ര തിരിച്ചു. യാത്രയാക്കാൻ സജൻ കുമാറും രവീന്ദ്രനും നിസാമുദ്ദീനും അതിരാവിലെ തന്നെ റെയിൽവേ സ്റ്റേഷനിലെത്തി.
മൂന്നു വർഷം മുമ്പ് വീടുവിട്ടിറങ്ങിയ മകനെക്കുറിച്ചുള്ള ഓർമകളുമായി കഴിഞ്ഞിരുന്ന പിതാവിന് മകന്റെ തിരിച്ചുവരവെന്ന പ്രതീക്ഷയിലേക്കുള്ള വഴിയാണ് തുറന്നത്.
Content Highlights: A Malayali group in Delhi assists a man, Sulfikar, to return home after being found in distress on the streets.