സ്വന്തം പാർട്ടിയിലെ മന്ത്രിയോട് കടുത്ത ചോദ്യങ്ങളുമായി BJP എംഎൽഎ മൈഥിലി ഠാക്കൂർ; കൈയടിച്ച് പ്രതിപക്ഷം

പട്‌ന: നിയമസഭയിൽ സ്വന്തം പാർട്ടിയിലെ മന്ത്രിക്കെതിരേ രൂക്ഷമായ ചോദ്യങ്ങളുയർത്തി യുവഗായികയും ബിജെപി എംഎൽഎയുമായ മൈഥിലി ഠാക്കൂർ. ബജറ്റ് സമ്മേളനത്തിനിടെയാണ് മണ്ഡലത്തിലെ ആശുപത്രിയുടെ ദുരവസ്ഥ ചൂണ്ടിക്കാണിച്ച് ബിജെപി നേതാവും ആരോഗ്യമന്ത്രിയുമായ മംഗൾ പാണ്ഡെയോട് മൈഥിലി ഠാക്കൂർ ചോദ്യമുന്നയിച്ചത്. എംഎൽഎയുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകിയെങ്കിലും യുവ എംഎൽഎ ഇതിൽ തൃപ്തയായില്ല. തുടർന്ന് നിരന്തരം ചോദ്യങ്ങളുയർന്നു. ഇതോടെ പ്രതിപക്ഷ എംഎൽഎമാർ മൈഥിലി ഠാക്കൂറിനെ പിന്തുണച്ചെത്തി. ഒടുവിൽ സ്പീക്കർ ഇടപെട്ടതോടെയാണ് ബജറ്റ് സമ്മേളനം മുന്നോട്ടുപോയത്.
സഭയിലെ ചോദ്യോത്തരവേളയിൽ തന്റെ മണ്ഡലമായ അലിനഗറിലെ സർക്കാർ ആശുപത്രിക്കെട്ടിടത്തിന്റെ ശോചനീയാവസ്ഥയാണ് മൈഥിലി ഠാക്കൂർ ചൂണ്ടിക്കാട്ടിയത്. കെട്ടിടത്തിന്റെ സീലിങ്ങ് അടർന്നുവീഴുകയാണെന്നും ചുവരുകളിൽ വിള്ളലുണ്ടെന്നും എംഎൽഎ പറഞ്ഞു. മഴക്കാലത്ത് വാർഡുകളിൽ ചോർച്ചയാണ്. എന്നിട്ടും രോഗികളെ ഇപ്പോഴും ആ കെട്ടിടത്തിലാണ് ചികിത്സിക്കുന്നത്. ഗർഭിണികളെയും കുട്ടികളെയും അവിടെ പ്രവേശിപ്പിക്കുന്നു. അതിനാൽ ഇത് ജീവന് ഭീഷണിയാണെന്നും എംഎൽഎ പറഞ്ഞു.
സഭയിലെ ചോദ്യത്തിന് കെട്ടിടം അത്ര മോശം അവസ്ഥയിൽ അല്ലെന്നായിരുന്നു എംഎൽഎയ്ക്ക് ലഭിച്ച മറുപടി. എന്നാൽ, ഈ ഉത്തരത്തിൽ താൻ പൂർണമായും തൃപ്തയല്ലെന്ന് മൈഥിലി ഠാക്കൂർ പറഞ്ഞു. ''മന്ത്രി ഒരിക്കൽ കൂടി വിശദീകരിക്കണം. കാരണം കെട്ടിടം മോശം അവസ്ഥയിലാണെന്നത് ഞാൻതന്നെ നേരിട്ട് കണ്ടതാണ്. നേരത്തേ അവിടെ രണ്ട് എംബിബിഎസ് ഡോക്ടർമാരുണ്ടായിരുന്നു. ഇപ്പോൾ ഡോക്ടറില്ല'', മൈഥിലി വിശദീകരിച്ചു. സർക്കാർ എല്ലാവർഷവും ആരോഗ്യത്തിനുള്ള ബജറ്റ് വർധിപ്പിക്കുമ്പോൾ എന്തുകൊണ്ടാണ് ആശുപത്രിക്കെട്ടിടങ്ങൾ ഇത്തരം അവസ്ഥയിലാകുന്നതെന്നും വലിയ അപകടം സംഭവിക്കാനായി സർക്കാർ കാത്തിരിക്കുകയാണോ എന്നും എംഎൽഎ ചോദിച്ചു.
''ഞാൻ മന്ത്രിയെ ചോദ്യംചെയ്യുകയല്ല. ഞാൻ അദ്ദേഹത്തോട് അഭ്യർഥിക്കുക മാത്രമാണ് ചെയ്യുന്നത്. കാരണം ഞാൻ വളരെ ചെറുപ്പമാണ്. അദ്ദേഹം ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നയാളാണ്. അതിനാൽ പൊതുജനങ്ങളുടെ താത്പര്യാർഥം മന്ത്രി ഇത് പരിഗണിക്കണം'', മൈഥിലി ഠാക്കൂർ പറഞ്ഞു.
ആശുപത്രിക്കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്നായിരുന്നു മന്ത്രി ഇതിന് നൽകിയ വിശദീകരണം. നിരവധി ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ചിലത് നിർമാണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ, മന്ത്രിയുടെ ഈ മറുപടിയും യുവ എംഎൽഎയെ തൃപ്തയാക്കിയില്ല. തന്റെ മണ്ഡലത്തിലെ ആശുപത്രി ഈ പട്ടികയിൽ ഏറെക്കാലമായി ഉണ്ടെന്നും എന്നാൽ, ഇതുവരെ അറ്റക്കുറ്റപ്പണിയോ പുതിയ കെട്ടിടത്തിന്റെ നിർമാണമോ ആരംഭിച്ചിട്ടില്ലെന്നും എംഎൽഎ പറഞ്ഞു. വീണ്ടും ചോദ്യം ആവർത്തിച്ച എംഎൽഎ, എല്ലാവർഷവും ആസൂത്രണങ്ങളെക്കുറിച്ചും അതിന് നൽകുന്ന അംഗീകാരങ്ങളെക്കുറിച്ചും മാത്രമേ സംസാരിക്കുന്നുള്ളൂവെന്നും പക്ഷേ, യാഥാർഥ്യം അതേപടി നിലനിൽക്കുകയാണെന്നും പറഞ്ഞു.
മൈഥിലി ഠാക്കൂർ നിരന്തരം സർക്കാരിനെതിരേ പരാമർശം നടത്തിയതോടെ പ്രതിപക്ഷ എംഎൽഎമാർ മേശപ്പുറത്ത് കൈയടിച്ച് അവർക്ക് പിന്തുണ നൽകി. ഇതോടെ സഭയിൽ അല്പനേരം ബഹളമുയർന്നു. തുടർന്ന് സ്പീക്കർ ഇടപെടുകയായിരുന്നു.
Content Highlights: BJP MLA Maithili Thakur confronts Health Minister Mangal Pandey over a dilapidated hospital in her constituency, sparking debate and opposition support.