'ജനസേവനം നിങ്ങളുടെ സംഗീതം നഷ്ടപ്പെടുത്താതിരിക്കട്ടെ'; മൈഥിലി ഠാക്കൂറിന് ആശംസകളുമായി കോണ്‍ഗ്രസ് എംപി

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍വിജയത്തോടെ ഏവരുടേയും ശ്രദ്ധാകേന്ദ്രമായി മാറിയ താരമാണ് ബിജെപി എംഎല്‍എ മൈഥിലി ഠാക്കൂര്‍. 25-ാം വയസ്സില്‍ ബിഹാര്‍ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയായ മൈഥിലിക്ക് ലഭിക്കുന്ന അഭിനന്ദനങ്ങള്‍ക്കിടയില്‍, രാഷ്ട്രീയ എതിര്‍ചേരിയില്‍ നിന്ന് അപ്രതീക്ഷിതവും ഊഷ്മളവുമായ എത്തിയ ഒരു സന്ദേശമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്.
തകര്‍പ്പന്‍ വിജയത്തില്‍ മൈഥിലിയെ അഭിനന്ദിക്കുക മാത്രമല്ല, അവരുടെ സംഗീതത്തെക്കുറിച്ചും നല്ല വാക്കുകള്‍ പങ്കുവെച്ചിരിക്കുകയാണ് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം. മൈഥിലിയുടെ പാട്ടിന്റെ ഒരു വീഡിയോയും അദ്ദേഹം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.
'ഒരു മണ്ഡലത്തിലെ എംഎല്‍എ എന്ന നിലയിലുള്ള കഠിനാധ്വാനങ്ങളും ആവശ്യകതകളും നിങ്ങളുടെ സംഗീതത്തിലെ കഴിവിനെയും അഭിനിവേശത്തെയും തടസ്സപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ഇല്ലെന്ന് പ്രതീക്ഷിക്കുന്നു. മൈഥിലീ, നിങ്ങളുടെ സംഗീതത്തോടുള്ള നിങ്ങളുടെ അഭിനിവേശം തുടരുക.' അദ്ദേഹം എക്സില്‍ കുറിച്ചു.
അലിനഗറിലെ മൈഥിലിയുടെ വിജയം ബിജെപിക്ക് നിര്‍ണായകമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, ആര്‍ജെഡിയുടെ ബിനോദ് മിശ്രയെ 11,730-ല്‍ അധികം വോട്ടുകള്‍ക്കാണ് അവര്‍ പരാജയപ്പെടുത്തിയത്. വോട്ടെണ്ണലില്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍ ഇതൊരു സ്വപ്നം പോലെയാണ് തോന്നുന്നതെന്നും ജനങ്ങള്‍ക്കുവേണ്ടി പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്നുമായിരുന്നു മൈഥിലി പറഞ്ഞത്.
'ഇതൊരു സ്വപ്നം പോലെയാണ് തോന്നുന്നത്. ആളുകള്‍ക്ക് എന്നില്‍ ഒരുപാട് പ്രതീക്ഷകളുണ്ട്. എംഎല്‍എ എന്ന നിലയില്‍ ഇത് എന്റെ ആദ്യത്തെ ഊഴമാണ്. എന്റെ മണ്ഡലത്തിന്റെ ഉന്നമനത്തിനായി ഞാന്‍ പരമാവധി ശ്രമിക്കും. ഞാന്‍ എന്റെ ജനങ്ങളെ അവരുടെ മകളായി സേവിക്കും. അലിനഗറിനുവേണ്ടിയും അവിടുത്തെ ജനങ്ങള്‍ക്കുവേണ്ടിയും എങ്ങനെ പ്രവര്‍ത്തിക്കാം എന്ന ചിന്ത മാത്രമേ ഇപ്പോള്‍ എന്റെ മുന്നിലുള്ളൂ.'' മൈഥിലി എഎന്‍ഐയോട് പറഞ്ഞു.
മണ്ഡലത്തിലെ സന്ദര്‍ശന വേളയില്‍, ശ്രദ്ധ ആവശ്യമെന്ന് തോന്നുന്ന പ്രശ്നങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് താന്‍ ഒരു 'ഡയറി' സൂക്ഷിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ''എന്റെ മണ്ഡലത്തില്‍ എന്തൊക്കെ കുറവുകളുണ്ടോ, അവ പരിഹരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, ഇത്രയും പ്രായം കുറഞ്ഞ ഒരു സ്ഥാനാര്‍ത്ഥിയില്‍ അര്‍പ്പിച്ച വിശ്വാസം ന്യായീകരിക്കപ്പെട്ടു എന്ന് എന്റെ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതാണ് എന്റെ ഭാവി പദ്ധതി.'' അവര്‍ പറഞ്ഞു.
Content Highlights: Congress MP Karti Chidambaram praises Maithili Thakur`s musical passion after her Bihar Assembly win. Explore her journey as a young MLA.