അമിത് ഷായ്ക്കും സൈന്യത്തിനുമെതിരായ പരാമർശം; മഹുവാ മൊയിത്രയ്ക്ക് അറസ്റ്റ് വാറണ്ട്

കൊൽക്കത്ത: അപകീർത്തി പരാമർശ കേസിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊയിത്രയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി. പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
ജൂൺ മാസം പന്ത്രണ്ടാം തീയതി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഇന്ത്യൻ സൈന്യത്തിനുമെതിരേ സാമൂഹ്യമാധ്യമങ്ങളിൽ നടത്തിയ പരാമർശം അപകീർത്തികരമാണെന്നാണ് ആരോപണം. പിന്നാലെ സാമുദായികമൈത്രി തകർത്തെന്നും ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തിയെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ ജൂൺ പതിനേഴാം തീയതി മഹുവയ്ക്കെതിരേ കൃഷ്ണനഗർ ജില്ലാ കോടതിയിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു.
ഹാജരാകാൻ ആവശ്യപ്പെട്ട് ഒന്നിലധികം സമൻസുകൾ കോടതി അവർക്ക് അയച്ചിരുന്നു. എന്നാൽ, മഹുവ കോടതിയിൽ ഹാജരായില്ല. ഓഗസ്റ്റ് 18-ന് ഹാജരയേ മതിയാകൂ എന്ന് അറിയിച്ചിരുന്നെങ്കിലും അന്നും മഹുവ കോടതിയിൽ എത്തിയില്ല. തുടർന്ന് ഹാജരാകാനുള്ള സമയം ഓഗസ്റ്റ് പത്തൊൻപതാം തീയതി വൈകിട്ട് അഞ്ചുമണി വരെ നീട്ടിനൽകി. എന്നിട്ടും ഹാജരാകാതെവന്നതോടെയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
Content Highlights: Krishnanagar court issues an arrest warrant against TMC MP Mahua Moitra., The case stems from alleged defamatory social media remarks against Amit Shah and the Indian Army., Moitra repeatedly failed to appear before the court despite multiple summons and deadline extensions.