‘ലിവ് ഇൻ ബന്ധ’ങ്ങളെ ഗാന്ധർവ വിവാഹമായി പരിഗണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

മദ്രാസ് ഹൈക്കോടതി | Photo: ANI
മദ്രാസ് ഹൈക്കോടതി | Photo: ANI

ചെന്നൈ: പങ്കാളികൾ ഒരുമിച്ചുകഴിയുന്ന ലിവ്-ഇൻ ബന്ധങ്ങളെ പൗരാണിക ഇന്ത്യയിലെ ഗാന്ധർവ വിവാഹമായി കണക്കിലെടുത്ത് ഭാര്യയ്ക്കുള്ള പരിഗണന ഉറപ്പു വരുത്തണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് അഭിപ്രായപ്പെട്ടു. പുരോഗമനത്തിന്റെ പേരിൽ ഇത്തരം ബന്ധത്തിലേർപ്പെടുന്ന പല സ്ത്രീകൾക്കും ബന്ധം തകരുമ്പോൾ നിയമപരിരക്ഷയോ സാമൂഹിക സുരക്ഷയോ ലഭിക്കാതെവരുന്ന സാഹചര്യത്തിലാണ് ഈ നിർദേശമെന്ന് ജസ്റ്റിസ് എസ്. ശ്രീമതി പറഞ്ഞു.

ഔപചാരികമായി വിവാഹം കഴിക്കാതെ പങ്കാളികൾ ഒരുമിച്ചുതാമസിക്കുന്ന ലിവ് ഇൻ റിലേഷൻഷിപ്പുകൾ ലോകമെങ്ങും സർവസാധാരണമാണെങ്കിലും ഇന്ത്യൻ സമൂഹത്തിന് അതിപ്പോഴും സാംസ്കാരിക ആഘാതമാണ്. നമ്മൾ ആധുനികരാണെന്ന വിശ്വാസത്തിലാണ് പെൺകുട്ടികൾ ഇത്തരം ബന്ധത്തിനു തീരുമാനിക്കുന്നത്. വിവാഹ ബന്ധത്തിൽ ലഭിക്കുന്ന പരിരക്ഷ ഇത്തരം ബന്ധങ്ങളിൽ ലഭിക്കില്ലെന്ന് വളരെ വൈകിയാണ് അവർ തിരിച്ചറിയുക. ബന്ധം തകരുമ്പോൾ സ്ത്രീകൾ സ്വഭാവഹത്യവരെ നേരിടേണ്ടി വരുന്നു. ഈ യാഥാർഥ്യത്തിനു നേരേ കണ്ണടയ്ക്കാൻ നിയമത്തിനു കഴിയില്ല -കോടതി പറഞ്ഞു.

പ്രാചീന ഇന്ത്യയിലെ എട്ടു തരം വിവാഹങ്ങളിലൊന്നായ ഗാന്ധർവ വിവാഹമായി ഇത്തരം ബന്ധങ്ങളെ പരിഗണിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. വിവാഹബന്ധത്തിൽ ഭാര്യക്കു കിട്ടുന്ന നിയമപരിരക്ഷ ലിവ് ഇൻ ബന്ധങ്ങളിലേർപ്പെടുന്ന സ്ത്രീകൾക്കും ലഭിക്കണം. പ്രായപൂർത്തിയാവും മുൻപ് ലൈംഗികചൂഷണത്തിന് ഇരയാവുന്ന കുട്ടികളെ സംരക്ഷിക്കാൻ പോക്സോ നിയമമുണ്ട്. വിവാഹബന്ധത്തിൽ ഭാര്യക്ക് സംരക്ഷണം നൽകുന്ന നിയമങ്ങളുണ്ട്. എന്നാൽ, വിവാഹം കഴിക്കാതെ പങ്കാളിക്കൊപ്പം കഴിയുന്ന സ്ത്രീകൾക്ക് ഒരു സുരക്ഷയുമില്ല -കോടതി ചൂണ്ടിക്കാണിച്ചു.

വിവാഹവാഗ്ദാനം നൽകി ലൈംഗികചൂഷണം നടത്തിയെന്ന കേസിൽ യുവാവ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രണയത്തിലായിരുന്ന യുവാവും യുവതിയും വീടുവിട്ടിറങ്ങി ഒരുമിച്ചു താമസിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന വാഗ്ദാനം കാമുകൻ ലംഘിച്ചതോടെയാണ് കേസായത്. പരസ്പര സമ്മതത്തോടെയാണ് തങ്ങൾ ഒരുമിച്ചു കഴിഞ്ഞതെന്നും വിവാഹം കഴിക്കാവുന്ന സ്ഥിതിയിലല്ല താനെന്നും യുവാവ് മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞു. ഒരുമിച്ചു താമസിച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നെന്ന് ഇരുവരും സമ്മതിച്ച സാഹചര്യത്തിൽ യുവതിയെ ഭാര്യയായി പരിഗണിക്കുകയോ അല്ലെങ്കിൽ യുവാവിന്റെപേരിൽ വഞ്ചനയ്ക്ക് കേസെടുക്കുകയോ വേണ്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

Content Highlights: Madras High Court recognizes live-in relationships as Gandharva marriages, ensuring rights for women when relationships end. Explore legal implications.