പറന്ന് പറന്ന് പറന്ന്...; മധ്യപ്രദേശ് സർക്കാരിന്റെ ഒരോദിവസത്തെയും വിമാനയാത്രാ ചിലവ് 9.25 ലക്ഷം രൂപ

ഭോപ്പാല്‍: മധ്യപ്രദേശില്‍ കഴിഞ്ഞ വര്‍ഷം അധികാരമേറ്റ സര്‍ക്കാര്‍ വിമാനയാത്രയ്ക്കായി മാത്രം ചിലവാക്കിയത് 32.85 കോടി രൂപ. കോണ്‍ഗ്രസ് എം.എല്‍.എയായ പ്രതാപ് ഗ്രെവാലിന്റെ ചോദ്യത്തിന് മറുപടിയായാണ് സര്‍ക്കാര്‍ ഈ കണക്ക് പുറത്തുവിട്ടത്. സര്‍ക്കാര്‍ കണക്ക് പ്രകാരം പ്രതിദിനം ശരാശരി 9.25 ലക്ഷം രൂപയാണ് മന്ത്രിമാരുടെ വിമാനയാത്രയ്ക്ക് ചിലവായത്.
സര്‍ക്കാര്‍, സ്വകാര്യ വിമാനങ്ങളിലായി മുഖ്യമന്ത്രി മോഹന്‍ യാദവും മന്ത്രിമാരും ഉദ്യോഗസ്ഥരും ഇക്കാലയളവില്‍ 666 വിമാനയാത്രകളാണ് നടത്തിയത്. ഇവയില്‍ 428 എണ്ണവും വാടകയ്‌ക്കെടുത്ത വിമാനങ്ങളിലായിരുന്നെങ്കില്‍ 238 എണ്ണമാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും നടത്തിയത്. ആകാശയാത്രകളില്‍ 90 ശതമാനവും മുഖ്യമന്ത്രിയുടേതാണ്.
സര്‍ക്കാര്‍ വിമാനങ്ങള്‍ ലഭ്യമല്ലാത്തപ്പോള്‍ സ്വകാര്യ വിമാനങ്ങള്‍ വാടകയ്‌ക്കെടുക്കേണ്ടത് അനിവാര്യമാണെന്നാണ് ഏവിയേഷന്‍ വകുപ്പ് പറയുന്നത്. 2021 മേയില്‍ ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സി-90 വിമാനം തകര്‍ന്നുവീണതിന് ശേഷമാണ് സര്‍ക്കാര്‍ കൂടുതലായി വിമാനങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ തുടങ്ങിയത്. സര്‍ക്കാര്‍ വാങ്ങുന്ന 234 കോടി രൂപയുടെ പുതിയ ചാലഞ്ചര്‍ 3500 ജെറ്റ് വിമാനം 2026-ലാണ് ലഭിക്കുക. അതുവരെ വാടകവിമാനങ്ങളെ ആശ്രയിക്കാനാണ് തീരുമാനം.
ഏഴ് സീറ്റുള്ള വിമാനമാണ് മുഖ്യമന്ത്രിയുടെ യാത്രകള്‍ക്കായി സര്‍ക്കാര്‍ വാടകയ്‌ക്കെടുക്കുന്നത്. യാത്ര എട്ട് മണിക്കൂറില്‍ കൂടുതലാണെങ്കില്‍ ഡി.ജി.സി.എ. ചട്ടപ്രകാരം മറ്റൊരു വിമാനം കമ്പനി ലഭ്യമാക്കണം. വാടക വിമാനം ഉപയോഗിക്കുന്നില്ലെങ്കില്‍ പോലും രണ്ട് മണിക്കൂറിന്റെ തുക സര്‍ക്കാര്‍ നല്‍കേണ്ടതായുണ്ട്.
Content Highlights: Madhya Pradesh Government's Air Travel Cost Per Day is Rupees 9.25 Lakh