ലഖിംപുര്‍ ഖേരി കേസ്: ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ചിലെ ജഡ്ജി ജസ്റ്റിസ് രാജീവ് സിങ്ങാണ് പിന്മാറിയത്. അജയ് മിശ്രക്ക് നേരത്തെ ജാമ്യം അനുവദിച്ചതും രാജീവ് സിങ്ങായിരുന്നു.
ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറുന്നതിന്റെ കാരണം രാജീവ് സിങ്ങ് വ്യക്തമാക്കിയിട്ടില്ല. ഇതേതുടര്‍ന്ന് പുതിയ ബഞ്ച് രൂപീകരിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷയില്‍ അടുത്ത വാദം കേള്‍ക്കുന്ന തീയതി നിശ്ചയിക്കുക. നേരത്തെ, കേസ് മറ്റൊരു ബെഞ്ചിന് കൈമാറുന്ന കാര്യം ഉത്തരവില്‍ പറയേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും അത് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിശ്ചയിക്കാമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.
നേരത്തെ, ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി, മിശ്ര ഒരാഴ്ചക്കകം കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. അലഹബാദ് ഹൈക്കോടതി ഫെബ്രുവരിയിലാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഇത് ചോദ്യംചെയ്ത് സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി ജാമ്യം റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്.
അനാവശ്യമായ തിടുക്കത്തോടെയും പരിഗണനകള്‍ നല്‍കിയുമാണ് ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. തികച്ചും അപ്രസക്തമായ വസ്തുതകള്‍ കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നടപടി. പരാതിക്കാരുടെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പരാതിക്കാര്‍ക്ക് ജാമ്യം എതിര്‍ത്ത് കോടതിയില്‍ വാദം ഉന്നയിക്കാന്‍ നിയമപരമായ അവകാശം ഉണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വീണ്ടും ഹൈക്കോടതിയില്‍ കേസ് എത്തുമ്പോള്‍, മറ്റൊരു ബെഞ്ചിന് കൈമാറാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടണമെന്ന് ഇരകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വാക്കാല്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് ഉത്തരവില്‍ പറയേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിടാമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ മറുപടി നല്‍കിയിരുന്നു.
Content Highlights: Lakhimpur Kheri violence: Judge who gave bail to Ashish Mishra recuses himself