ലഡാക്കിന് പ്രത്യേക പദവി നൽകുന്നു; ആർട്ടിക്കിൾ 371 പ്രകാരമുള്ള സംരക്ഷണം, ഇന്ത്യയിൽ ആദ്യം

ന്യൂഡൽഹി: ലഡാക്കിന് പ്രത്യേക പദവി നൽകാൻ കേന്ദ്ര സർക്കാർ നീക്കങ്ങളാരംഭിച്ചു. ആർട്ടിക്കിൾ 371 പ്രകാരം ഭരണഘടനാപരമായ സംരക്ഷണം നൽകിക്കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക സമിതി നിലവിൽ വരുമെന്ന് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള പരീക്ഷണം. കഴിഞ്ഞ നാല് വർഷമായി ആവശ്യപ്പെടുന്നതാണ് ലഡാക്കിനുള്ള പ്രത്യേക പദവി. നിയമനിർമാണ, സാമ്പത്തിക അധികാരങ്ങളുള്ളതും മണ്ഡലങ്ങളിലൂടെ നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്നതുമായ ഒരു സമിതി രൂപീകരിക്കുന്നതിനുള്ള തീരുമാനത്തിലേക്ക് സർക്കാർ നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ലഡാക്ക് ചീഫ് സെക്രട്ടറി ആഷിഷ് കുന്ദ്ര പറഞ്ഞു.
ലഡാക്ക് സബ്കമ്മിറ്റിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും യോഗം കഴിഞ്ഞദിവസം നടന്നതായും അദ്ദേഹം പറഞ്ഞു. മതിയായ ഭരണഘടനാപരമായ സംരക്ഷണം നൽകുന്നതിനായി പാർലമെന്റ് ആർട്ടിക്കിൾ 371 ഭേദഗതി ചെയ്യുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഒക്ടോബറിൽ അടുത്ത യോഗം നടക്കുമ്പോഴേക്കും ആഭ്യന്തര മന്ത്രാലയം ആർട്ടിക്കിൾ 371 ഭേദഗതിക്കുള്ള കരട് തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചില സംസ്ഥാനങ്ങളുടെ തനതായ പ്രാദേശിക, സാമൂഹിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അവയ്ക്ക് താൽക്കാലികവും പരിവർത്തനപരവുമായ പ്രത്യേക അധികാരങ്ങൾ നൽകുന്ന ഒന്നാണ് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 371.
തിരഞ്ഞെടുക്കപ്പെടുന്ന സമിതി ഉണ്ടാകുമെങ്കിലും അത് നിയമസഭയോടുകൂടിയ കേന്ദ്രഭരണപ്രദേശമായിരിക്കില്ലെന്നും ലഡാക്ക് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ജമ്മു കശ്മീർ സംസ്ഥാനത്തെ വിഭജിച്ച് 370-ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമാണ് ലഡാക്കിനെ പ്രത്യേക കേന്ദ്ര ഭരണപ്രദേശമാക്കിയത്. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ലഡാക്കുകാർ തുടക്കത്തിൽ സ്വാഗതം ചെയ്തെങ്കിലും, പിന്നീട് ഉദ്യോഗസ്ഥ ഭരണത്തിനെതിരെ അവർ പ്രക്ഷോഭം ആരംഭിച്ചിരുന്നു.
Content Highlights: Centre initiates steps to grant constitutional protection to Ladakh under Article 371., An elected committee with legislative and financial powers will be formed., Home Ministry to prepare the amendment draft by the October meeting., Ladakh will not be a legislative assembly or a union territory with a legislature.