എൽ. മുരുകൻ കേന്ദ്ര മന്ത്രിസ്ഥാനവും എം.പി സ്ഥാനവും രാജിവെച്ചു; കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടനെന്ന് റിപ്പോർട്ട്

#ന്യൂസ് ഡെസ്ക്
ഡോ. എൽ. മുരുകൻ | Photo: ANI
ഡോ. എൽ. മുരുകൻ | Photo: ANI

ന്യൂഡൽഹി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ്, പാർലമെന്ററി കാര്യവകുപ്പ് സഹമന്ത്രി എൽ. മുരുകൻ മന്ത്രിസ്ഥാനവും രാജ്യസഭാാംഗത്വവും രാജിവെച്ചു. തമിഴ്‌നാട്ടിൽ പാർട്ടി പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് രാജിയെന്നാണ് റിപ്പോർട്ടുകൾ.

തമിഴ്‌നാട്ടിലെ ബി.ജെ.പി സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി തന്റെ മന്ത്രിസഭാ ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിവാക്കണമെന്നും രാജ്യസഭാാംഗത്വം രാജിവെക്കാൻ അനുവാദം നൽകണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരത മാതാവിനെയും തമിഴ്‌നാടിനെയും സേവിക്കാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്ന് അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ദിവസവേതനക്കാരന്റെ മകനായ തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയിൽ സേവനമനുഷ്ഠിക്കാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവുംവലിയ പദവിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കേന്ദ്ര മന്ത്രിസഭയിൽ ഉടൻ പുനഃസംഘടന നടക്കുമെന്നാണ് സൂചന. ദീപാവലിക്ക് മുൻപായി പ്രഖ്യാപനമുണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ. മന്ത്രിസഭയിൽ ആറ് ഒഴിവുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

നേരത്തെ, രാജ്യസഭാ കാലാവധി അവസാനിച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രിമാരായ രവ്‌നീത് സിങ് ബിട്ടുവും ജോർജ് കുര്യനും രാജിവെച്ചിരുന്നു. കൂടാതെ, രാജ്യസഭാ കാലാവധി പൂർത്തിയായ കേന്ദ്രമന്ത്രിമാരായ ഹർദീപ് സിങ് പുരി, ബി.എൽ. വർമ എന്നിവർക്ക് ബി.ജെ.പി വീണ്ടും അവസരം നൽകിയിരുന്നില്ല.

ഡൽഹി ബി.ജെ.പി അധ്യക്ഷനായി ചുമതലയേറ്റെടുത്ത കേന്ദ്രമന്ത്രി ഹർഷ് മൽഹോത്രയും പാർട്ടിയുടെ ‘ഒരാൾക്ക് ഒരു പദവി’ എന്ന നയത്തിന്റെ ഭാഗമായി മന്ത്രിസഭയിൽനിന്ന് പുറത്തുപോകേണ്ടിവരും. മോദി സർക്കാറിന്റെ മൂന്നാം ഊഴം ആരംഭിച്ച ശേഷമുള്ള കഴിഞ്ഞ രണ്ടര വർഷത്തിനിടെ കേന്ദ്ര മന്ത്രിസഭയിൽ പുനഃസംഘടനയൊന്നും നടന്നിട്ടില്ല. 

Content Highlights: Union Minister of State L. Murugan has resigned from his ministerial post and Rajya Sabha membership to focus entirely on strengthening the BJP organization in Tamil Nadu ahead of the 2029 Lok Sabha elections.