ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്‌കരണം; കോണ്‍ഗ്രസിനെതിരെ ചാണക്യ സീരിയല്‍ ക്ലിപ്പുമായി കിരണ്‍ റിജിജു

കേന്ദ്രമന്ത്രി കിരൺ റിജിജു | Photo: ANI | ചാണക്യ സീരിയലിൽ നിന്നുള്ള ദൃശ്യം | Image credit: @KirenRijiju x video screengrab
കേന്ദ്രമന്ത്രി കിരൺ റിജിജു | Photo: ANI | ചാണക്യ സീരിയലിൽ നിന്നുള്ള ദൃശ്യം | Image credit: @KirenRijiju x video screengrab

ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ഭൂതകാലത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ റിജിജു, ഇതിന് ഉദാഹരണമായി 1990-കളില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ചാണക്യ സീരിയലിലെ ഒരു വീഡിയോയും എക്‌സില്‍ പങ്കുവെച്ചു. 

'അനധികൃത നുഴഞ്ഞുകയറ്റക്കാതെ പിന്താങ്ങിക്കൊണ്ടുള്ള കോണ്‍ഗ്രസിന്റെ നയങ്ങള്‍ കാണുമ്പോള്‍ ഈ സീനാണ് എനിക്ക് ഓര്‍മ വരുന്നത്. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത തെറ്റ്. അനധികൃത കുടിയേറ്റക്കാരെ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണ്,' വീഡിയോ പങ്കുവെച്ചുകൊണ്ട് റിജിജു എക്‌സില്‍ കുറിച്ചു. 

കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട് മൗര്യ സാമ്രാജ്യത്തിലെ രാജസദസ്സില്‍ നടക്കുന്ന ഒരു വാഗ്വാദമാണ് വീഡിയോയില്‍ കാണാനാവുക. വീഡിയോയില്‍, കുടിയേറ്റക്കാര്‍ക്ക് രാജ്യത്ത് അഭയം നല്‍കണമോ വേണ്ടയോ എന്നത് മാനുഷിക പരിഗണന മുന്‍നിര്‍ത്തി തീരുമാനിക്കേണ്ട വിഷയമാണ് എന്നാണ് ഒരു കൂട്ടര്‍ വാദിക്കുന്നത്. 

എന്നാല്‍, അത് രാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന പ്രശ്‌നമായി മാറും എന്നാണ് മറ്റൊരാള്‍ വാദിക്കുന്നത്. കുടിയേറ്റക്കാര്‍ പതിയെ നമ്മുടെ ഭൂമിയുടെ മേല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുമെന്നും ആഭ്യന്തരകാര്യങ്ങളിലടക്കം ഇടപെടുമെന്നും ഇയാള്‍ വാദിക്കുന്നു. ഇയാളുടെ വാദമാണ് റിജിജു തന്റെ പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

Content Highlights: union minister kiren rijiju shares chanakya serial clip criticises congress over bihar voters list