കേരളത്തിന് 150 മെഡിക്കല്‍ സീറ്റുകള്‍ കിട്ടും; വാളയാറിലെ മെഡിക്കല്‍ കോളേജിനെതിരായ ഹര്‍ജി തള്ളി

#ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്
സുപ്രീംകോടതി| ഫോട്ടോ: എ.എന്‍.ഐ
സുപ്രീംകോടതി| ഫോട്ടോ: എ.എന്‍.ഐ

ന്യൂഡല്‍ഹി: കേരളത്തിന് ഈ അധ്യയന വര്‍ഷം 150 മെഡിക്കല്‍ സീറ്റുകള്‍ കൂടി കിട്ടിയേക്കും. പാലക്കാട് വാളയാറില്‍ ഇക്കൊല്ലം തുടങ്ങാനിരുന്ന പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് 150 എം.ബി.ബി.എസ്. സീറ്റിനുള്ള എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയാണ് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. 

നാഷണല്‍ മെഡിക്കല്‍ കമ്മിഷനും ആരോഗ്യസര്‍വകലാശാലയും 150 സീറ്റിന് അനുമതിനല്‍കിയെങ്കിലും 100 സീറ്റ് മാത്രമേ അനുവദിക്കാനാവൂ എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍, ഈ നിലപാട് അംഗീകരിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. മെഡിക്കല്‍ കമ്മിഷനു കീഴിലെ മെഡിക്കല്‍ അസസ്മെന്റ് ആന്‍ഡ് റേറ്റിങ് ബോര്‍ഡ് 150 സീറ്റിന് അനുമതി നല്‍കിയിരിക്കെ 100 സീറ്റില്‍മാത്രം പ്രവേശനം നടത്താനാകില്ലെന്ന നിലപാടാണ് കോളേജ് സ്വീകരിച്ചത്. ഹൈക്കോടതി ഈ കോളേജിന് 150 സീറ്റിലേക്കുള്ള എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ഉത്തരവിടുകയും ചെയ്തിരുന്നു. 

ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പിഴ ഇടുമെന്ന മുന്നറിയോപ്പോടെയാണ് ഹര്‍ജി തള്ളിയത്. കോളേജ് മാനേജ്മെന്റിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്ത്, അഭിഭാഷകന്‍ പി.എസ് സുല്‍ഫിക്കര്‍ എന്നിവര്‍ ഹാജരായി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയന്ത് മുത്തുരാജ്, സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ ശശി എന്നിവര്‍ ഹാജരായി.

കെ.കെ. ശൈലജ ആരോഗ്യമന്ത്രി ആയിരുന്നപ്പോള്‍ പരിശോധനപോലും നടത്താതെ മറ്റൊരു സ്വകാര്യ മെഡിക്കല്‍ കോളേജിന് എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നുവെന്ന് ആരോപിച്ച് മെഡിക്കല്‍ കോളേജിന്റെ ഉടമകളായ വി.എന്‍. പബ്ലിക് ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് നേരത്തെ  സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, അക്കാലത്ത് കോടതിയില്‍നിന്ന് അനുകൂല വിധി കോളേജിന് ലഭിച്ചിരുന്നില്ല.

Content Highlights: Kerala will get 150 medical seats-Petition against medical college in Walayar rejected