ജയിൽമാറ്റത്തിനായുള്ള അമീറുള്‍ ഇസ്‌ലാമിന്റെ ഹർജി നാല് മാസത്തിനുശേഷം പരിഗണിക്കാൻ മാറ്റി

അമീറുള്‍ ഇസ്ലാം (ഫയല്‍ ചിത്രം) | ഫോട്ടോ: മാതൃഭൂമി
അമീറുള്‍ ഇസ്ലാം (ഫയല്‍ ചിത്രം) | ഫോട്ടോ: മാതൃഭൂമി

ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയെ ബലാത്സംഗംചെയ്ത്‌ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ലഭിച്ച കുറ്റവാളി അമീറുള്‍ ഇസ്‌ലാം ജയിൽ മാറ്റം ആവശ്യപ്പെട്ട് നൽകിയ ഹർജി നാല് മാസത്തിനുശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. 

വധശിക്ഷയ്ക്ക് എതിരെ അമീറുള്‍ ഇസ്‌ലാം നൽകിയ അപ്പീൽ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി. സുരേന്ദ്രനാഥ്‌, സ്റ്റാൻഡിങ് കോൺസൽ ഹർഷദ് വി. ഹമീദ് എന്നിവർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ അപ്പീലിൽ തീരുമാനം ഉണ്ടാക്കുന്നത് വരെ ജയിൽമാറ്റം സംബന്ധിച്ച ഹർജിയിൽ തീരുമാനം എടുക്കരുതെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.

ജയില്‍ചട്ടത്തിലെ 587-ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് ജയില്‍മാറ്റം അനുവദിക്കാനാകില്ല എന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ നേരത്തെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. ചട്ടത്തിലെ 789 -ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്കെതിരായ അപ്പീൽ നിലനിൽക്കുമ്പോഴും ജയിൽമാറ്റം സാധ്യമല്ലെന്നാണ് സർക്കാർ വാദം. അമീറുള്‍ ഇസ്‌ലാമിന് വേണ്ടി അഭിഭാഷകൻ ശ്രീറാം പറക്കാട് ആണ് ഹാജരായത്. സർക്കാർ ചൂണ്ടിക്കാണിക്കുന്ന ജയിൽചട്ടത്തിലെ വകുപ്പുകളുടെ ഭരണഘടനാസാധുത തങ്ങൾ ചോദ്യം ചെയ്തിട്ടുണ്ടെന്ന് ശ്രീറാം പറക്കാട് കോടതിയിൽ വ്യക്തമാക്കി.

Content Highlights: Supreme Court defers hearing on death row convict Ameerul Islam`s jail transfer plea