ദേശീയപാർട്ടിയായെങ്കിലും ആം ആദ്മി പാർലമെന്റിൽ പടർന്നില്ല

ന്യൂഡൽഹി: പഞ്ചാബിൽ മൂന്ന് സീറ്റുകൾ കിട്ടിയെങ്കിലും ആം ആദ്മി പാർട്ടിയുടെ വിശാലമായ ലോക്‌സഭാ മോഹങ്ങൾ ഇത്തവണ പൂവണിഞ്ഞില്ല. പത്തുവർഷം മാത്രം പ്രായമുള്ളപ്പോൾ ദേശീയ പാർട്ടിയായി വളർന്നെങ്കിലും രാജ്യത്താകെ പടരുന്നുണ്ടെങ്കിലും പാർലമെന്റിലെ സാന്നിധ്യം പാർട്ടിക്ക് തുടക്കം മുതൽ എണ്ണിച്ചുട്ട അപ്പം പോലെയാണ്. കഴിഞ്ഞ സഭയിൽ ഒരംഗം മാത്രമുണ്ടായിരുന്നത് ഇത്തവണ മൂന്നായി വർധിച്ചെന്ന് മാത്രം.
രണ്ടുസംസ്ഥാനങ്ങളിൽ ഭരണമുണ്ടായിട്ടും അതിനൊത്ത പ്രാതിനിധ്യം പാർട്ടിക്ക് ലോക്‌സഭയിൽ കിട്ടിയിട്ടില്ല. രാജ്യത്തിന്റെ നയങ്ങൾ നിർണയിക്കുന്ന ദേശീയ പാർട്ടിയെന്നതിനെക്കാൾ, അടിസ്ഥാന ക്ഷേമകാര്യങ്ങൾ നോക്കുന്ന സംസ്ഥാന പാർട്ടിയായാണോ ആപ്പിനെ ജനങ്ങൾ കാണുന്നതെന്ന് തിരഞ്ഞെടുപ്പ് ഫലം കാണുമ്പോൾ സംശയിക്കാം. എങ്കിലും വോട്ടുശതമാനം വർധിച്ചത് പ്രതീക്ഷ നൽകുന്നു. ഡൽഹിയിൽ ബി.ജെ.പി. സ്ഥാനാർഥികളുടെ ഭൂരിപക്ഷം പിടിച്ചുനിർത്താനായെന്നും ആശ്വസിക്കാം.
തനിച്ചും ഇന്ത്യ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായും 22 സീറ്റിലാണ് ആം ആദ്മി പാർട്ടി മത്സരിച്ചത്. പഞ്ചാബിലെ 13 സീറ്റിലും അസമിലെ രണ്ടുസീറ്റിലും ഒറ്റയ്ക്ക് മത്സരിച്ചു. ഡൽഹിയിൽ നാല്, ഗുജറാത്തിൽ രണ്ട്, ഹരിയാണയിൽ ഒരു സീറ്റ് എന്നിങ്ങനെ ഇന്ത്യാ സഖ്യത്തിലും മത്സരിച്ചു. ഇതിൽ സംസ്ഥാന ഭരണമുള്ള പഞ്ചാബിലെ മൂന്നുസീറ്റ് മാത്രമാണ് ആപ്പിനെ തുണച്ചത്. പത്തിടങ്ങളിൽ രണ്ടാമതെത്തിയെങ്കിലും സീറ്റുനേട്ടമില്ല. 2014-ൽ പഞ്ചാബിൽ നാലുസീറ്റ് നേടിയതുമായി തട്ടിച്ചുനോക്കുമ്പോൾ ഇപ്പോഴത്തെ ജയം അഭിമാനിക്കാൻ പോന്നതുമല്ല.
അടുത്തവർഷം ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലോക്‌സഭാ ഫലം ആപ്പിന് ആശങ്ക നൽകുന്നുണ്ട്. കേന്ദ്രത്തിലേക്കും സംസ്ഥാനത്തേക്കും പാടെ വ്യത്യസ്തമായി വോട്ടുചെയ്യുന്നതാണ് ഡൽഹിയുടെ രീതി. നിലവിൽ ഡൽഹിയിലെ എഴുപതുസീറ്റിൽ 62-ലും ജയിച്ച് വൻ ഭൂരിപക്ഷത്തിലാണ് പാർട്ടി ഡൽഹി ഭരിക്കുന്നത്. മദ്യനയക്കേസിൽപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അകത്തായിരിക്കെ, 2025 നിയമസഭാ തിരഞ്ഞെടുപ്പ് പാർട്ടിക്ക് നിർണായകമാകും. ഈ തിരഞ്ഞെടുപ്പിലുണ്ടായിരുന്ന കോൺഗ്രസുമായുള്ള സഖ്യം നിയമസഭയിലേക്ക് തുടരുമോയെന്നും കണ്ടറിയണം.
കെജ്‌രിവാൾ ഘടകം
സുപ്രീംകോടതിയുടെ അനുമതിയോടെ ഇടക്കാല ജാമ്യത്തിലിറങ്ങി അരവിന്ദ് കെജ്‌രിവാൾ നടത്തിയ പ്രചാരണത്തിന്റെ ഊർജത്തിലായിരുന്നു ആം ആദ്മി പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രതിപക്ഷ ക്യാമ്പിന് കെജ്‌രിവാൾ ആവേശം നൽകിയെങ്കിലും പാർട്ടിക്കത് കാര്യമായി പ്രയോജനപ്പെട്ടില്ല. 75-ാം വയസിൽ നരേന്ദ്രമോദി വിരമിക്കുമ്പോൾ അമിത് ഷാ പ്രധാനമന്ത്രിയാകുമെന്നും യോഗി ആദിത്യനാഥിനെ ഒതുക്കാൻ നീക്കം നടക്കുന്നെന്നും കെജ്‌രിവാൾ ആഞ്ഞടിച്ചപ്പോൾ ഉത്തരം പറയാൻ ബി.ജെ.പി. നിർബന്ധിതരായി. ഇക്കുറി തിരഞ്ഞെടുപ്പ് കളത്തിൽ ബി.ജെ.പി. തെല്ലൊന്നു പകച്ചതും കെജ്‌രിവാളിന്റെ ആ കടന്നാക്രമത്തിലാണെന്ന് പറയേണ്ടിവരും. എന്നാൽ, 'ജയിലിന് മറുപടി വോട്ടിൽ' നൽകണമെന്ന കെജ്‌രിവാളിന്റെ പ്രചാരണം ഫലംകണ്ടില്ല.
Content Highlights: Kejriwals release from prison strengthened India alliance failed to gain strength AAP