പഴയ കോൺഗ്രസ് കുടുംബത്തിലുള്ള ആളാണെന്ന് പറഞ്ഞ് ഗ്യാനേഷ് കുമാർ രാഹുലിനെ ബന്ധപ്പെടാൻ ശ്രമിച്ചു-കെ.സി. വേണുഗോപാൽ

#ന്യൂസ് ഡെസ്ക്
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍, കോണ്‍ഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാല്‍, രാഹുല്‍ ഗാന്ധി |ഫോട്ടോ:മാതൃഭൂമി, ANI
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍, കോണ്‍ഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാല്‍, രാഹുല്‍ ഗാന്ധി |ഫോട്ടോ:മാതൃഭൂമി, ANI

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റു കോൺഗ്രസ് നേതാക്കളെയും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി കെ.സി. വേണുഗോപാലിന്റെ വെളിപ്പെടുത്തൽ. താൻ പഴയ കോൺഗ്രസ് കുടുംബത്തിലെ ആളാണെന്ന് പറഞ്ഞാണ് ഗ്യാനേഷ് കുമാർ ബന്ധപ്പെടാൻ നോക്കിയതെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി പറഞ്ഞു.

പക്ഷേ, ഏത് കുടുംബത്തിലെ ആളാണെങ്കിലും പ്രവൃത്തിയിലൂടെയാണ് കാണിക്കേണ്ടതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. 'സത്യത്തിൽ നാണക്കേടാണ്. കേരള കേഡർ ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നത് കേരളത്തിന് തന്നെ നാണക്കേടാണ്. ആരോപണങ്ങളിൽ ഉദ്യോഗസ്ഥർ ഉൾപ്പെടാറുണ്ട്. എന്നാലിത് അങ്ങനെയല്ല. ഇന്ത്യയെപ്പോലുള്ള രാജ്യത്തിന്റെ ജനാധിപത്യം തകർക്കാനുള്ള ശ്രമത്തിനാണ് കൂട്ട് നിന്നത്.' കെ.സി. വേണുഗോപാൽ പറഞ്ഞു.

എവിടെനിന്നൊക്കെയോ വരുന്ന ഉത്തരവുകൾക്ക് അനുസൃതമായി പ്രവർത്തിക്കുക. സ്വന്തം ചുമതല അയാൾ തിരിച്ചറിയണം. ഇത്രയും വലിയ കൊടുംക്രൂരത നാടിനോട് ചെയ്ത ഗ്യാനേഷ് കുമാറിന് പ്രായശ്ചിത്തം ചെയ്യണമെങ്കിൽ മാപ്പുസാക്ഷിയാകുക മാത്രമാണ് വഴിയെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. മരിച്ച് കഴിഞ്ഞാൽ പുണ്യം കിട്ടണമെങ്കിൽ അദ്ദേഹം മാപ്പുസാക്ഷിയാകണമെന്നാണ് തങ്ങൾക്ക് പറയാനുള്ളതെന്നും വേണുഗോപാൽ പറഞ്ഞു.

മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു കെ.സി. വേണുഗോപാലിന്റെ പരാമർശങ്ങൾ.

Content Highlights: KC Venugopal revealed that CEC Gyanesh Kumar attempted to contact Rahul Gandhi claiming ties to a Congress family., Venugopal criticized Kumar, stating his actions undermined India's democracy., He suggested that Kumar should become an approver to atone for his actions.