കാര്‍ത്തി ചിദംബരത്തിന് 'കണ്‍സള്‍ട്ടന്‍സി' കുരുക്ക്: അറസ്റ്റ് പരിഗണനയിലില്ലെന്ന് സിബിഐ

കാര്‍ത്തി ചിദംബരം | Photo: PTI
കാര്‍ത്തി ചിദംബരം | Photo: PTI

ന്യൂഡല്‍ഹി: കോഴക്കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റ് ഈ ഘട്ടത്തില്‍ പരിഗണനനിയില്ലെന്ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ.). കാര്‍ത്തി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് സി.ബി.ഐ. ഡല്‍ഹി കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. അറസ്റ്റിന് മൂന്നുദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന് കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടു. പിന്നാലെ കാര്‍ത്തി ജാമ്യാപേക്ഷ പിന്‍വലിച്ചു.

കേസുമായി സഹകരിക്കാന്‍ കാര്‍ത്തി ചിദംബരത്തോട് കോടതി നിര്‍ദേശിച്ചു. ഡല്‍ഹി കോടതി സ്‌പെഷ്യല്‍ ജഡ്ജ് കാവേരി ബവേജയ്ക്ക് മുമ്പാകെയാണ് കേസ് പരിഗണനയ്ക്ക് വന്നത്. പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരികെ മദ്യക്കമ്പനിയായ ഡീഗോ സ്‌കോട്‌ലന്‍ഡില്‍നിന്ന് കോഴവാങ്ങിയെന്നാണ് കേസ്. വ്യാഴാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഡ്യൂട്ടി ഫ്രീ മദ്യവില്‍പ്പനയ്ക്കുള്ള നിരോധനം നീക്കാന്‍ കമ്പനിയില്‍നിന്ന് കോഴ വാങ്ങിയെന്നാണ് ആരോപണം. കാര്‍ത്തി ചിദംബരത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനിക്ക് 2005-ല്‍ 15,000 ഡോളര്‍ ഡീഗോ സ്‌കോട്‌ലന്‍ഡ് നല്‍കിയെന്നാണ് കേസ്. കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കെന്ന വ്യാജേന കരാറുണ്ടാക്കി പണം കൈമാറിയെന്നും സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. നിലവില്‍ തമിഴ്‌നാട്ടിലെ ശിവഗംഗയില്‍നിന്നുള്ള എം.പിയാണ് കാര്‍ത്തി.

Content Highlights: Delhi court directs CBI to give pre-arrest notice to Karti Chidambaram