കർണാടകയിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് ജയം, JDS സ്ഥാനാർഥി തോറ്റു; യുപിയിലും ഹിമാചലിലും അനിശ്ചിതത്വം

ബെംഗളൂരു/ ഷിംല/ ലഖ്‌നൗ: കര്‍ണാടകയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മൂന്ന് സ്ഥാനാര്‍ഥികള്‍ക്കും ജയം. എ.ഐ.സി.സി. ട്രഷറര്‍ അജയ് മാക്കന്‍, ഡോ. സയ്യിദ് നാസര്‍ ഹുസൈന്‍, ജി.സി. ചന്ദ്രശേഖര്‍ എന്നിവരാണ് വിജയിച്ചത്. ബി.ജെ.പിയുടെ നാരായണാ ഭാണ്ഡഗെയും രാജ്യസഭയിലേക്ക് ജയിച്ചു. നാലൊഴിവുള്ള സംസ്ഥാനത്ത് എന്‍.ഡി.എ. സഖ്യം നിര്‍ത്തിയ ജെ.ഡി.എസിന്റെ അഞ്ചാം സ്ഥാനാര്‍ഥി കുപേന്ദ്ര റെഡ്ഡി പരാജയപ്പെട്ടു.
ജെ.ഡി.എസ്. സ്ഥാനാര്‍ഥി രംഗത്തെത്തിയതോടെയാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. അതേസമയം, ബി.ജെ.പി. വിപ്പ് ലംഘിച്ച് മുന്‍മന്ത്രി എസ്.ടി. സോമശേഖര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തിരുന്നു. മറ്റൊരു എം.എല്‍.എ. ശിവരാം ഹെബ്ബാര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നിരുന്നു. ക്രോസ് വോട്ട് ചെയ്ത എസ്.ടി. സോമശേഖറിനെതിരെ ബി.ജെ.പി. സ്പീക്കര്‍ക്ക് പരാതി നല്‍കി. വിട്ടുനിന്ന ശിവരാം ഹെബ്ബാറിനെതിരേയും പാര്‍ട്ടി പരാതി നല്‍കിയേക്കും.
കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ക്രോസ് വോട്ട് ചെയ്‌തെന്ന് അഭ്യൂഹമുള്ള ഹിമാചല്‍ പ്രദേശില്‍ വോട്ടെണ്ണല്‍ വൈകുകയാണ്. അതിനിടെ കോണ്‍ഗ്രസിന്റെ ആറോളം എം.എല്‍.എമാരെ സി.ആര്‍.പി.എഫ്- ഹരിയാണ പോലീസ് സംഘം കസ്റ്റഡിയിലെടുത്തെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു ആരോപിച്ചു. പോളിങ് ഉദ്യോഗസ്ഥരില്‍ ബി.ജെ.പി. സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമാജ്‌വാദി പാര്‍ട്ടിയുടെ പരാതിയെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ ആരംഭിച്ചിട്ടില്ല. എസ്.പിയുടെ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീര്‍പ്പ് വൈകുന്നതിനാലാണിത്.
Content Highlights: Congress wins 3 seats; BJP bags 1 seat in Karnataka