'കോൺഗ്രസുകാരെ പണംകൊണ്ട് വശീകരിക്കാനാകില്ല'; കർണാടകയിൽ 'ഓപ്പറേഷൻ താമര'യ്ക്ക് ശ്രമമെന്ന് സിദ്ധരാമയ്യ

സിദ്ധരാമയ്യ | Photo: PTI
സിദ്ധരാമയ്യ | Photo: PTI

ബെംഗളൂരു: ഓപ്പറേഷന്‍ താമരയിലൂടെ ബി.ജെ.പി. കര്‍ണാടക സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യന്ത്രി സിദ്ധരാമയ്യ. പണംകൊണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരെ വശീകരിക്കാന്‍ കഴിയില്ല. സര്‍ക്കാരിനെ അട്ടിമറിക്കുന്നത് എളുപ്പമുള്ള കാര്യമാവില്ലെന്നും സിദ്ധരാമയ്യ ഓര്‍മിപ്പിച്ചു.

കര്‍ണാടകയില്‍ ബി.ജെ.പി. അധികാരത്തില്‍ വന്നതൊന്നും ജനവിധി നേടിയായിരുന്നില്ല. 2008-ലും 2019-ലും പിന്‍വാതില്‍ വഴി അധികാരത്തിലെത്താന്‍ അവര്‍ ഓപ്പറേഷന്‍ താമര ഉപയോഗിച്ചു. എന്നാല്‍, കോണ്‍ഗ്രസിന് 136 എം.എല്‍.എമാരുള്ള ഇത്തവണ അവരുടെ ശ്രമം പാഴാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബി.ജെ.പിയുടേയും ജെ.ഡി.എസിന്റേയും ഹൈക്കമാന്‍ഡുകള്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഒന്നിച്ച് ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. അവര്‍ തന്നെ പ്രത്യേകമായി ലക്ഷ്യംവെക്കുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു.

ബി.ജെ.പിയില്‍ ചേരാന്‍ തനിക്ക് 100 കോടി രൂപ വാഗ്ദാനംചെയ്തതായി കഴിഞ്ഞദിവസം മാണ്ഡ്യയിലെ കോണ്‍ഗ്രസ് എം.എല്‍.എ രവികുമാര്‍ ഗൗഡ (രവി ഗണിഗ) ആരോപിച്ചിരുന്നു. രണ്ടുദിവസംമുമ്പ് ഒരാള്‍ വിളിച്ച് പണം തയ്യാറാണെന്നും 50 എം.എല്‍.എമാരെ വാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു. എന്നാല്‍, 100 കോടി കൈയ്യില്‍ തന്നെ വെച്ചോയെന്ന് താന്‍ മറുപടി നല്‍കി. കഴിഞ്ഞവര്‍ഷം 50 കോടിയാണ് വാഗ്ദാനംചെയ്തതെങ്കില്‍ ഇപ്പോഴത് 100 കോടിയായി ഉയര്‍ത്തിയെന്നും രവികുമാര്‍ ഗൗഡ ആരോപിച്ചു.

Content Highlights: Karnataka CM Siddaramaiah Warns BJP Over 'Operation Kamala'