കർണാടകയിൽ പോര് തുടരും; ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി ഖാർഗെയുടെയും സിദ്ധരാമയ്യയുടെയും മക്കൾ

#ന്യൂസ് ഡെസ്ക്
യതീന്ദ്ര സിദ്ധരാമയ്യ മല്ലികാർജുൻ ഖാർഗെയ്ക്കും പിതാവ് സിദ്ധരാമയ്യക്കുമൊപ്പം | Photo: PTI
യതീന്ദ്ര സിദ്ധരാമയ്യ മല്ലികാർജുൻ ഖാർഗെയ്ക്കും പിതാവ് സിദ്ധരാമയ്യക്കുമൊപ്പം | Photo: PTI

ബെംഗളൂരു: സിദ്ധരാമയ്യ കാലാവധി പൂർത്തിയാക്കുമോ അതോ ശിവകുമാറിന് അധികാരം കൈമാറുമോ എന്നതായിരുന്നു കർണാടക കോൺഗ്രസിൽ മാസങ്ങളായി നീണ്ടുനിന്ന ചർച്ച. ചർച്ചകൾക്കൊടുവിൽ മുൻ 'ധാരണ' പ്രകാരം കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഡി.കെ. ശിവകുമാർ. കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ടാണ് പ്രശ്‌നം ഒത്തുതീർപ്പാക്കിയത്. അതൊന്ന് ഒതുങ്ങിയപ്പോഴേക്കും കോൺഗ്രസിനുള്ളിൽ പുതിയൊരു പോരാട്ടം ഉടലെടുത്തിരിക്കുകയാണ്; നിർണ്ണായകമായ ഉപമുഖ്യമന്ത്രി സ്ഥാനം ആർക്ക് ലഭിക്കും?

ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് പാർട്ടി നേതൃത്വം. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയും. കോൺഗ്രസിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും നിർണായകമായ നേതൃമാറ്റത്തിന് ശേഷം കർണാടകയിൽ അധികാരം എങ്ങനെ വിഭജിക്കപ്പെടണം എന്നതിനെക്കുറിച്ച് കൂടിയാണ് ഇപ്പോൾ ചർച്ച നടക്കുന്നത്.

ഡോക്ടറിൽനിന്ന് രാഷ്ട്രീയക്കാരനായി മാറിയ വ്യക്തിയാണ് യതീന്ദ്ര സിദ്ധരാമയ്യ. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഇളയ മകനാണ്. പാത്തോളജിസ്റ്റായിരുന്ന അദ്ദേഹം 2018-ൽ പിതാവ് പ്രതിനിധീകരിച്ചിരുന്ന വരുണ നിയമസഭാ മണ്ഡലത്തിൽ വിജയിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 2018 മുതൽ 2023 വരെ എംഎൽഎയായിരുന്ന അദ്ദേഹം 2024-ൽ എം.എൽ.സിയായി.

പുതിയ സർക്കാരിനെക്കുറിച്ചുള്ള ചർച്ചകൾക്കായി ഡൽഹിയിലേക്കുള്ള യാത്രയിൽ യതീന്ദ്രയേയും സിദ്ധരാമയ്യ ഒപ്പം കൂട്ടിയിരുന്നു. ഇതും യതീന്ദ്രയുടെ രാഷ്ട്രീയഭാവി സംബന്ധിച്ച ഊഹാപോഹങ്ങൾ വർധിക്കാൻ ഇടയാക്കി. മുൻനിരയിലേക്ക് അധികം എത്താറില്ലെങ്കിലും സിദ്ധരാമയ്യ വിഭാഗത്തിന്റെ 'മാസ്റ്റർ മൈൻഡ്' എന്നാണ് യതീന്ദ്രയെക്കുറിച്ച് പൊതുവിൽ പറയാറുള്ളത്. കർണാടക കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ അദ്ദേഹത്തിന് വലിയ സ്വാധീനവുമുണ്ട്.

കർണാടക കോൺഗ്രസിലെ പ്രമുഖരായ യുവനേതാക്കളിൽ ഒരാളാണ് പ്രിയങ്ക് ഖാർഗെ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനായ പ്രിയങ്ക് എൻ.എസ്.യു.ഐ. (NSUI), യൂത്ത് കോൺഗ്രസ് എന്നിവയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. ചിറ്റാപൂരിൽനിന്ന് മൂന്ന് തവണ എംഎൽഎയായ പ്രിയങ്ക്, ഐടി, ബയോടെക്‌നോളജി, ഗ്രാമവികസനം, സാമൂഹിക ക്ഷേമം തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

യതീന്ദ്രയിൽനിന്ന് വ്യത്യസ്തമായി, പ്രിയങ്ക് ഖാർഗെ ഇതിനകംതന്നെ കർണാടക രാഷ്ട്രീയത്തിൽ സുപ്രധാന സ്ഥാനം നേടിയിട്ടുണ്ട്. അദ്ദേഹം മന്ത്രിസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മാത്രമല്ല, ഗ്രാമ-നഗര വ്യത്യാസമില്ലാതെ ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് യുവ വോട്ടർമാരുടെ ഇടയിലടക്കം പാർട്ടിയുടെ ഏറ്റവും ശ്രദ്ധേയരായ മുഖങ്ങളിൽ ഒരാളായി മാറാനും പ്രിയങ്കിന് കഴിഞ്ഞിട്ടുണ്ട്. 

അതുകൊണ്ടുതന്നെ, പ്രിയങ്കിന്റെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദം കേവലം കുടുംബ പാരമ്പര്യത്തിലല്ല, ഭരണപരവും രാഷ്ട്രീയവുമായ പരിചയസമ്പത്തിലാണ് അധിഷ്ഠിതമെന്ന് പല കോൺഗ്രസ് നേതാക്കളും വിശ്വസിക്കുന്നു. ഈ സാഹചര്യത്തിൽ യതീന്ദ്രയെയും പ്രിയങ്കിനെയും ഒരേപോലെ ഉൾക്കൊള്ളുക എന്നത് കോൺഗ്രസ് വൃത്തങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നായി മാറി.

വിവിധ സമുദായങ്ങളിൽനിന്നും വിഭാഗങ്ങളിൽനിന്നും പാർട്ടി വലിയ സമ്മർദ്ദം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ, ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത് പ്രായോഗിക പരിഹാരമായാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്. സിദ്ധരാമയ്യയുടെ പക്ഷത്തിനും ഖാർഗെയുടെ പക്ഷത്തിനും ഇടയിൽ ഒരാളെ തിരഞ്ഞെടുക്കുന്നതിന് പകരം, വ്യത്യസ്ത സമുദായങ്ങളെയും അധികാര കേന്ദ്രങ്ങളെയും പ്രതിനിധീകരിക്കുന്ന നേതാക്കളെ ഒരേസമയം ഉൾക്കൊള്ളാൻ ഇതിലൂടെ പാർട്ടിക്ക് സാധിക്കും.

അതേസമയം, ജി. പരമേശ്വര, സതീഷ് ജാർക്കിഹോളി, എം.ബി. പാട്ടീൽ, ഈശ്വർ ഖണ്ഡ്രെ, യു.ടി. ഖാദർ, പ്രിയങ്ക് ഖാർഗെ എന്നിവരുടെ പേരുകളും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ചർച്ച ചെയ്യപ്പെടുന്നുണ്ട്. സിദ്ധരാമയ്യക്ക് ശേഷമുള്ള കാലഘട്ടത്തിൽ കർണാടകയിൽ കോൺഗ്രസ് എങ്ങനെയായിരിക്കണം എന്നാണ് നേതൃത്വ ആഗ്രഹിക്കുന്നത്, എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പുതന്നെ, രണ്ടാം സ്ഥാനത്തിനായുള്ള മത്സരം കർണാടകയിലെ രാഷ്ട്രീയ പോരാട്ടമായി മാറിയിരിക്കുന്നു എന്നതാണ് വസ്തുത.

Content Highlights: DK Shivakumar set to take oath as Karnataka Chief Minister. Congress party weighing multiple Deputy CM positions to balance power. Yathindra Siddaramaiah and Priyank Kharge emerge as primary candidates for the No. 2 post. Strategic move to manage factional interests and caste equations within the party. Long-term leadership planning ahead of the 2028 Karnataka Assembly elections.