സ്ഥാനാര്‍ഥിപ്പട്ടിക വൈകുന്നു; തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നെന്ന് പ്രഖ്യാപിച്ച് ഈശ്വരപ്പ
ബെംഗളൂരു: കര്‍ണാടകയില്‍ മേയ് 10-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച് മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് പിന്‍വാങ്ങല്‍.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് താന്‍ പിന്‍വാങ്ങുന്നുവെന്ന് ബി.ജെ.പി. ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയ്ക്കെഴുതിയ കത്തില്‍ ഈശ്വരപ്പ വ്യക്തമാക്കി. പാര്‍ട്ടി കഴിഞ്ഞ 40 വര്‍ഷത്തിനിടെ തനിക്ക് നിരവധി ഉത്തരവാദിത്വങ്ങള്‍ നല്കി. ബൂത്ത് ലെവലില്‍നിന്ന് പ്രവര്‍ത്തിച്ച് സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ വരെയായി. ഉപമുഖ്യമന്ത്രിയാവാനും കഴിഞ്ഞു-അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് തഴയുമെന്ന സൂചനകള്‍ക്കിടെയാണ് മുന്‍കരുതല്‍ നടപടിയെന്നോണം ഈശ്വരപ്പ തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്.
Content Highlights: karnataka bjps ks eshwarappa quits electoral politics weeks before polls