കേരളത്തിന് സിൽവർ ലൈനും ഹൈസ്പീഡ് വേയും ഇല്ല; കഞ്ചിക്കോട് കോച്ച് ഫാക്ടറിയും ഉപേക്ഷിച്ചതായി കേന്ദ്രം

ന്യൂഡൽഹി: കേരളത്തിലെ ഹൈസ്പീഡ് റെയിൽ, സിൽവർ ലൈൻ പദ്ധതികൾ ഉപേക്ഷിച്ചതായി കേന്ദ്രസർക്കാർ രാജ്യസഭയിൽ അറിയിച്ചു. മൂന്ന്, നാല് പാതയുടെ വികസനത്തിന് മാത്രമാണ് നിലവിൽ മുൻഗണനയെന്നും റെയിൽവേ മന്ത്രാലയം ജോൺ ബ്രിട്ടാസ് എം.പി.യുടെ ചോദ്യത്തിന് മറുപടി നൽകിക്കൊണ്ട് വ്യക്തമാക്കി. കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറി പദ്ധതിയും ഉപേക്ഷിച്ചതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി.
സിൽവർ ലൈനും ഇ. ശ്രീധരൻ സമർപ്പിച്ച പദ്ധതിയും സംസ്ഥാന സർക്കാർ ഉപേക്ഷിച്ച സ്ഥിതിക്ക് കേന്ദ്രം അക്കാര്യവുമായി മുന്നോട്ടുപോകുന്നില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് എം.പി. മാധ്യമങ്ങളോട് പറഞ്ഞു.
'ഇ. ശ്രീധരൻ നേരിട്ട് ഒരു പദ്ധതി തനിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തെ ക്ഷണിച്ചുവരുത്തി ചർച്ച ചെയ്ത് ഹൈസ്പീഡ് പദ്ധതി നടപ്പാക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കുമെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ എന്റെ മറുപടിയായി പറഞ്ഞിരുന്നു. എന്നാൽ, ഇതിനിടയിലാണ് ഇ. ശ്രീധരന്റെ പദ്ധതി സംസ്ഥാനസർക്കാർ വാങ്ങി ചവറ്റുകൊട്ടയിൽ എറിഞ്ഞത്. ഇതോടെ റെയിൽവേ മന്ത്രാലയം തങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് കൃത്യമായി ഒഴിഞ്ഞുമാറി. സംസ്ഥാനത്തിന് അർഹതപ്പെട്ട ഒരു റെയിൽവേ പദ്ധതിയാണ് ഇതിലൂടെ ഇല്ലാതായത്. കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആശയങ്ങളിൽ ഒന്നായ റെയിൽവേ ഗതാഗതം ഇനി നമുക്ക് പ്രാപ്യമല്ലെന്ന വാസ്തവം ഇന്ന് സഭയിൽ അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്', ജോൺ ബ്രിട്ടാസ് പറഞ്ഞു.
'കേരളത്തിന്റെ അതിവേഗ റെയിൽവേ ആഗ്രഹങ്ങൾക്കുമേൽ എന്തെങ്കിലും പദ്ധതിയുണ്ടാകുമോ എന്നതായിരുന്നു പ്രധാന ചോദ്യം. റെയിൽവേ പ്രഖ്യാപിച്ച ഏഴ് ഹൈസ്പീഡ് പദ്ധതികളുടെ എക്സ്റ്റൻഷൻ കേരളത്തിലേക്ക് ഉണ്ടാകുമോ? സെമി ഹൈസ്പീഡുമായി ബന്ധപ്പെട്ട് എന്തെങ്കിലും പദ്ധതിയുണ്ടോ? ഇ. ശ്രീധരന്റെ പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പുരോഗതിയുണ്ടോ? തുടങ്ങിയ ചോദ്യങ്ങളായിരുന്നു സഭയിൽ ഉന്നയിച്ചത്. എന്നാൽ, ഇവയ്ക്കൊന്നിനും അനുകൂലമറുപടി കേന്ദ്രത്തിൽനിന്നുണ്ടായില്ലെന്ന് മാത്രമല്ല, സംസ്ഥാനസർക്കാർ ഈ രണ്ടു പദ്ധതികളും ഉപേക്ഷിച്ച സ്ഥിതിക്ക് തങ്ങൾ അക്കാര്യവുമായി മുമ്പോട്ടു പോകുന്നില്ലെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം രാജ്യസഭയിൽ വ്യക്തമാക്കിയിരിക്കുന്നത്', ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറി ഉപേക്ഷിച്ചെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. കഞ്ചിക്കോട്ടെ 228 ഏക്കർ ഭൂമി ഇന്ത്യൻ റെയിൽവേയുടെ ഭാവി വികസനങ്ങൾക്കായി മാറ്റിവെച്ചതായും റെയിൽവേ മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു. നിലവിലുള്ള റെയിൽവേയുടെ ഉത്പാദന യൂണിറ്റുകളിൽനിന്ന് റോളിങ് സ്റ്റോക്ക് ലഭിക്കുന്നുണ്ടെന്നും ജോൺ ബ്രിട്ടാസ് എം.പി.യുടെ ചോദ്യത്തിന് റെയിൽവേ മന്ത്രാലയം മറുപടി നൽകി.
ഒന്നാം യു.പി.എ. സർക്കാരിന്റെ കാലത്താണ് കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറി പദ്ധതി കേരളത്തിന് ലഭിച്ചത്. 2008-ലാണ് പദ്ധതി പ്രഖ്യാപിച്ചത്. 2012-ൽ തറക്കല്ലിട്ടു. തുടർഘട്ടങ്ങളിൽ കേന്ദ്രം ഇടപെട്ടുവെങ്കിലും പിന്നീട് പദ്ധതി നിർത്തിവെച്ച നിലയിലായിരുന്നു. ഇതുസംബന്ധിച്ചായിരുന്നു ജോൺ ബ്രിട്ടാസ് എം.പി.യുടെ ചോദ്യം.
കോച്ച് നിർമാണത്തിന് നിലവിലുള്ള ഉത്പാദന യൂണിറ്റുകളും സർക്കാരിന്റെ പദ്ധതികളും പര്യാപ്തമാണെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. കഞ്ചിക്കോട് 40 കോടി മുടക്കി 228 ഏക്കർ ഭൂമി ഏറ്റെടുത്തിരുന്നു. ഇത് ഭാവി വികസന പദ്ധതികൾക്കുവേണ്ടി പ്രയോജനപ്പെടുത്തുമെന്നും കേന്ദ്രം അറിയിച്ചു. കഞ്ചിക്കോട് പ്രഖ്യാപിച്ച കോച്ച് ഫാക്ടറി പിന്നീട് പഞ്ചാബിലേക്കടക്കം മാറ്റിയതായുള്ള ആരോപണങ്ങളും ഉയർന്നിരുന്നു.
Content Highlights: Kanjikode Coach Factory project officially abandoned by the Union government., 228 acres of acquired land to be repurposed for future railway needs., SilverLine and E. Sreedharan's high-speed rail projects officially dropped., Government cites sufficient capacity in existing rolling stock units., State government's lack of progress cited as a factor for project cancellation.