കളമശ്ശേരി ജുഡീഷ്യൽ സിറ്റി പദ്ധതി: 2014-ലെ നിരക്കിൽ ഭൂമി കൈമാറാനാകില്ലെന്ന് എച്ച്എംടി സുപ്രീംകോടതിയിൽ

#ബി. ബാലഗോപാല്‍ | മാതൃഭൂമി ന്യൂസ്
സുപ്രീംകോടതി | Photo: ANI
സുപ്രീംകോടതി | Photo: ANI

ന്യൂഡൽഹി: കളമശേരി ജുഡീഷ്യൽ സിറ്റി പദ്ധതിക്ക് ഭൂമി കൈമാറാനാകില്ലെന്ന് എച്ച്എംടി. 2014-ലെ അടിസ്ഥാന മൂല്യനിർണയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാം എന്നായിരുന്നു കേരളത്തിന്റെ നിലപാട്. എന്നാൽ ഇത് അംഗീകരിക്കാൻ ആകില്ലെന്ന് വ്യക്തമാക്കി എച്ച്എംടി സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. ഈ തുക വിപണി വിലയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണെന്നും എച്ച്എംടി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പുതിയ ഹൈക്കോടതി മന്ദിരം ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി പദ്ധതിക്കായി 27 ഏക്കർ ഭൂമി എച്ച്എംടിയിൽനിന്ന് ഏറ്റെടുക്കാനാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഭൂപരിഷ്‌കരണ നിയമപ്രകാരം എച്ച്എംടി ഭൂമി ഏറ്റെടുക്കാൻ കഴിയില്ലെന്ന ഹൈക്കോടതിയുടെ 2014-ലെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ 2016-ൽ അപ്പീൽ നൽകിയിരുന്നു. ഹർജിയിൽ നോട്ടീസ് അയച്ചെങ്കിലും ഭൂമിയിൽ തൽസ്ഥിതി ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. 2016-ലെ ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

മുമ്പ് സീപോർട്ട് - എയർ പോർട്ട് റോഡിനും കിൻഫ്രക്ക് ഗസ്റ്റ് ഹൗസ് പണിയുന്നതിനും ഭൂമി വിട്ട് നൽകിയിരുന്നു. എന്നാൽ 27 ഏക്കറോളം ഭൂമി ജുഡീഷ്യൽ സിറ്റിക്കായി കുറഞ്ഞ നഷ്ടപരിഹാര തുകയ്ക്ക് വിട്ടുനൽകാൻ ആകില്ലെന്നാണ് എച്ച്എംടി സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. ഭൂപരിഷ്‌കരണ നിയമത്തിൽനിന്ന് ഒഴിവാക്കിയ ഭൂമിയാണ് ഇപ്പോൾ സർക്കാർ ഏറ്റെടുക്കാൻ ശ്രമിക്കുന്നത് എന്നും എച്ച് എം ടി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Content Highlights: kalamassery judicial city project hmt tells supreme court that land cannot be transferred at 2014 rates