ജഡ്ജിയുടെ വീട്ടിലെ പണം: ചീഫ് ജസ്റ്റിസ് ഉപാധ്യായ പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി,അന്വേഷണ തീരുമാനം ഇന്ന്

#ബി.ബാലഗോപാല്‍/മാതൃഭൂമി ന്യൂസ്
ജഡ്ജി യശ്വന്ത് വർമ്മ | Photo: allahabadhighcourt.in via PTI Photo
ജഡ്ജി യശ്വന്ത് വർമ്മ | Photo: allahabadhighcourt.in via PTI Photo

ന്യൂഡല്‍ഹി: ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയെന്ന വിവാദത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ കൈമാറി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കാണ് ഇന്നലെ രാത്രി റിപ്പോര്‍ട്ട് കൈമാറിയത്. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്‌ക്കെതിരേ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടണമോ എന്നതിനെ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് തീരുമാനം എടുത്തേക്കും. 

മാര്‍ച്ച് 14-ന് രാത്രി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാനെത്തിയ ഫയര്‍ ഫോഴ്‌സ് അംഗങ്ങളും പോലീസുകാരും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയെന്നായിരുന്നു ആരോപണം. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധയില്‍പെടുത്തിയതോടെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് കൈമാറാന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ ഇന്നലെ രാത്രി റിപ്പോര്‍ട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കൈമാറിയത്.

റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്‌ക്കെതിരേ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടണമോയെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തീരുമാനിക്കും. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായയുടെ റിപ്പോര്‍ട്ട് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്ക് നിര്‍ണ്ണായകമാണ്. റിപ്പോര്‍ട്ടില്‍ വര്‍മ്മയ്‌ക്കെതിരേ പരാമര്‍ശമുണ്ടെങ്കില്‍ അദ്ദേഹത്തിനെതിരേ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടേക്കും. ഇത് സംബന്ധിച്ച തീരുമാനം ഇന്ന് തന്നെ ഉണ്ടായേക്കും. അഥവാ റിപ്പോര്‍ട്ട് വര്‍മ്മയ്ക്ക് അനുകൂലമാണെങ്കില്‍ അന്വേഷണം ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള ശുപാര്‍ശ പരിഗണനയിലാണെന്ന് സുപ്രീം കോടതി ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്ഥലംമാറ്റത്തിന് ഔദ്യോഗിക വസതിയില്‍നിന്ന് പണം കണ്ടെത്തിയെന്ന വിവാദവുമായി ബന്ധമില്ലെന്നും വാര്‍ത്തക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

പോലീസിന്റെ ഔദ്യോഗിക രേഖകളിലും പണത്തെ സംബന്ധിച്ച പരാമര്‍ശമില്ല 

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയെന്ന ആരോപണത്തില്‍ ദുരൂഹതയേറുന്നു.  കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതായി പോലീസ് റിപ്പോര്‍ട്ടിലും രേഖപ്പെടുത്തിയിട്ടില്ല. പോലീസ് സ്റ്റേഷനിലെ ഡെയിലി ഡയറി എന്‍ട്രിയിലാണ് ഇത് സംബന്ധിച്ച പരാമര്‍ശം ഇല്ലാത്തത്. 

കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയിട്ടില്ലെന്ന് ഡല്‍ഹി ഫയര്‍ സര്‍വ്വീസ് മേധാവി അതുല്‍ ഗാര്‍ഗ് ഇന്നലെ വ്യക്തമാക്കിയിരുന്നു. സ്റ്റേഷനറി സാധനങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കുമാണ് തീ പിടിച്ചത് എന്നാണ് ഫയര്‍ ഫോഴ്‌സ് രേഖകളില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഹോളി ദിനത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ ഉണ്ടായ തീപിടിത്തം സംബന്ധിച്ച ദുരൂഹത ഏറുകയാണ്.

Content Highlights: Justice Yashwant Varma cash controversy