ജെ.എന്‍.യു ആക്രമണം: ഐഷി ഘോഷിനും ഇടത് സംഘടനകള്‍ക്കും പങ്കെന്ന് പോലീസ്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല കാമ്പസില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ക്കും പങ്കുണ്ടെന്ന് ഡല്‍ഹി പോലീസ്. മുഖംമൂടി ആക്രമണത്തില്‍ പരിക്കേറ്റ ജെഎന്‍യു പ്രസിഡന്റ് ഐഷി ഘോഷിന് സെര്‍വര്‍ റൂം തകര്‍ത്തത് അടക്കമുള്ള ആക്രമണത്തില്‍ പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ആക്രമണത്തില്‍ പങ്കുള്ള ഒമ്പതുപേരുടെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമുള്ള വിവരങ്ങള്‍ ഡല്‍ഹി പോലീസ് പുറത്തുവിട്ടു. ഐഷി ഘോഷിന് പുറമേ ചുഞ്ചും കുമാര്‍, പങ്കജ് മിശ്ര, വാസ്‌കര്‍ വിജയ്, പ്രിയരജ്ഞന്‍, യോഗേന്ദ്ര ഭരത്‌രാജ്, വികാസ് പാട്ടീല്‍, സുജയ താനൂക്ക്ദാര്‍, ഡോളന്‍ സമന്ത എന്നിവരുടെ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്.
എസ്എഫ്‌ഐ, എഐഎസ്എഫ്, എസ്‌ഐഡിഎ, ഡിഎസ്എഫ്, എബിവിപി എന്നീ സംഘടനകളിലെ പ്രവര്‍ത്തകരാണിവര്‍. ഇതില്‍ അഞ്ചുപേര്‍ ഇടതുസംഘടന പ്രവര്‍ത്തകരും രണ്ടുപേര്‍ എബിവിപി പ്രവര്‍ത്തകരുമാണ്. മറ്റുള്ളവര്‍ കാമ്പസിന് പുറത്തുനിന്നുള്ളവരാണെന്നും പോലീസ് പറയുന്നു.
ജനുവരി അഞ്ചിന് രാത്രി പെരിയാര്‍ ഹോസ്റ്റില്‍ ഒരുകൂട്ടം ആളുകള്‍ നടത്തിയ ആക്രമണത്തിന് നേതൃത്വം നല്‍കിയത് ഐഷി ഘോഷാണെന്ന് ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷ്ണര്‍ പറഞ്ഞു. അക്രമത്തില്‍ ഇതുവരെ മൂന്നുകേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിസിപി വ്യക്തമാക്കി.
അതേസമയം മാനവ വിഭവശേഷി വകുപ്പുമായി വിദ്യാര്‍ഥി നേതാക്കള്‍ ഇന്ന് നടത്തിയ ചര്‍ച്ചയില്‍ ഫീസ് വര്‍ധനവില്‍ ഇളവുവരുത്താനും തീരുമാനമായി. മന്ത്രാലയം സെക്രട്ടറി ഇക്കാര്യം രേഖാമൂലം ഉറപ്പുനല്‍കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. വൈസ് ചാന്‍സലര്‍ രാജിവെച്ച ശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുയുള്ളുവെന്നായിരുന്നു നേരത്തെ വിദ്യാര്‍ഥികളുടെ തീരുമാനം. തിങ്കളാഴ്ച മുതല്‍ ജെഎന്‍യുവില്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വൈസ് ചാന്‍സലറും അറിയിച്ചിട്ടുണ്ട്.
Content Highlights; jnu attack, aishe ghosh and left parties involved in attack says delhi police
Content Highlights: