ഝാർഖണ്ഡിൽ വൻ അട്ടിമറിക്ക് സാധ്യത; ഹേമന്ത് സോറനും ഭാര്യ കൽപനയും ബിജെപിയുമായി ചർച്ച നടത്തി

#ന്യൂസ് ഡെസ്ക്
ഹേമന്ത് സോറൻ, കൽപന സോറൻ | Photo: PTI
ഹേമന്ത് സോറൻ, കൽപന സോറൻ | Photo: PTI

റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും അദ്ദേഹത്തിന്റെ ഭാര്യ കൽപന സോറനും ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്. ഇരുവരും ഡൽഹിയിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച ഇരുവരും റാഞ്ചിയിൽ മടങ്ങിയെത്തുമെന്നാണ് വിവരം.

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് പിളർപ്പിന് പിന്നിലെന്നാണ് പാർട്ടി കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. മഹാസഖ്യത്തിന്റെ ഭാഗമായി 16 നിയമസഭാ സീറ്റുകൾക്കായി ഝാർഖണ്ഡ് മുക്തി മോർച്ച ശ്രമിച്ചിരുന്നു. എന്നാൽ ആർജെഡി, കോൺഗ്രസ് നേതൃത്വങ്ങൾ അവസാന നിമിഷം വരെ തീരുമാനം വൈകിപ്പിച്ചു. ഇത് പാർട്ടി നേതൃത്വത്തെ ആർജെഡിയുമായും കോൺഗ്രസുമായുമുള്ള നിലവിലെ സഖ്യം പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്.

കേന്ദ്രവുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കുന്നതിലൂടെ ഝാർഖണ്ഡ് വികസനം കൈവരിക്കുക, അന്തരിച്ച ജെഎംഎം സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ ഷിബു സോറന് ഭാരതരത്നം നൽകുന്ന കാര്യം പരിഗണിക്കുക മുതലായ ലക്ഷ്യങ്ങളും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം. കൂടാതെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് സോറനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലുള്ള കേസുകളും മുന്നണി മാറ്റത്തിന്റെ കാരണങ്ങളിൽ ഉൾപ്പെടുന്നു. ഓഗസ്റ്റിൽ പാർലമെന്റിൽ അവതരിപ്പിച്ചതും നിലവിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ പരിഗണനയിലുള്ളതുമായ പുതിയ ബില്ല് പ്രകാരം, മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ 31-ാം ദിവസം സ്ഥാനമൊഴിയണം. അല്ലെങ്കിൽ തനിയെ സ്ഥാനം നഷ്ടപ്പെടും. അറസ്റ്റും മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യതയും മൂലമുണ്ടായ ആശങ്കയും മുന്നണി മാറ്റത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ട്.

നിലവിലെ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിന് 56 സീറ്റുകളാണ് ഝാർഖണ്ഡ് നിയമസഭയിലുള്ളത്. ജെഎംഎമ്മിന് 34 സീറ്റുകളും കോൺഗ്രസിന് 16 സീറ്റുകളും രാഷ്ട്രീയ ജനതാദളിന് നാലും ഇടതുപക്ഷത്തിന് രണ്ടും സീറ്റുകളുണ്ട്. ബിജെപിക്ക് 21 സീറ്റുകളുണ്ട്. എൽജെപി ഒന്ന്, എജെഎസ്‌യു ഒന്ന്, ജെഡിയു ഒന്ന് എന്നിങ്ങനെയാണ് പ്രതിപക്ഷ കക്ഷിനില. ജെഎംഎം ബിജെപിയുമായി സഖ്യം രൂപവത്കരിക്കുകയാണെങ്കിൽ സഖ്യത്തിൽ 58 എംഎൽഎമാരുണ്ടാകും. 16 കോൺഗ്രസ് എംഎൽഎമാരിൽ കുറഞ്ഞത് എട്ട് പേരെങ്കിലും ബിജെപി പിന്തുണയിൽ ജെഎംഎമ്മിലെത്തുമെന്നും റിപ്പോർട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ഒഴിവാക്കാൻ, കുറഞ്ഞത് 11 കോൺഗ്രസ് നിയമസഭാംഗങ്ങളെങ്കിലും പാർട്ടിപിളർത്തി മുന്നണി മാറേണ്ടിവരും.