രാജ്യസഭയിലേക്ക് അഞ്ചാമൂഴത്തിനൊരുങ്ങി ജയാ ബച്ചന്‍; കൈവശമുള്ളത്‌ 1578 കോടിയുടെ സ്വത്ത്‌

സമാജ്‍വാദി പാർട്ടി എം.പി. ഡിംപിൾ യാദവും ജയാ ബച്ചനും സാളിഗ്രാം ശിലാ പ്രാർത്ഥനയ്ക്കായി ലഖ്‌നൗവിലെ പാർട്ടി ആസ്ഥാനത്ത് എത്തിയപ്പോൾ | Photo: PTI
സമാജ്‍വാദി പാർട്ടി എം.പി. ഡിംപിൾ യാദവും ജയാ ബച്ചനും സാളിഗ്രാം ശിലാ പ്രാർത്ഥനയ്ക്കായി ലഖ്‌നൗവിലെ പാർട്ടി ആസ്ഥാനത്ത് എത്തിയപ്പോൾ | Photo: PTI

ലഖ്‌നൗ: രാജ്യസഭയിലേക്ക് അഞ്ചാമൂഴത്തിനൊരുങ്ങി ജയാ ബച്ചന്‍. ഉത്തര്‍പ്രദേശില്‍ നിന്നാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ഭാര്യയും അഭിനേത്രിയുമായ ജയാ ബച്ചന്‍ മത്സരിക്കുന്നത്. നാമനിര്‍ദേശപത്രിക അവര്‍ സമര്‍പ്പിച്ചു. 2004 മുതല്‍ സമാജ്‌വാദി പാര്‍ട്ടി (എസ്.പി) അംഗമാണ് 75-കാരിയായും പത്മശ്രീ ജേതാവുമായ ജയാ ബച്ചന്‍. 

നാമനിര്‍ദേശപത്രിക പ്രകാരം ജയാ ബച്ചനും ഭര്‍ത്താവ് അമിതാഭ് ബച്ചനും 1578 കോടി രൂപ മൂല്യമുള്ള സ്വത്താണുള്ളത്. 2022-23 സാമ്പത്തികവര്‍ഷത്തില്‍ ജയാ ബച്ചന് മാത്രം 1,63,56,190 രൂപയുടെ സ്വത്തും അമിതാഭിന് 273,74,96,590 രൂപയുടെ സ്വത്തുമാണുള്ളത്. ജയാ ബച്ചന് 10,11,33,172 രൂപയും അമിതാഭ് ബച്ചന് 120,45,62,083 രൂപയുമാണ് ബാങ്ക് ബാലന്‍സ്. 

40.97 കോടി രൂപയുടെ ആഭരണങ്ങളാണ് ജയാ ബച്ചന് സ്വന്തമായുള്ളത്. അമിതാഭ് ബച്ചന്റെ കൈവശം 54.77 കോടി രൂപയുടെ ആഭരണങ്ങളാണുള്ളത്. ജയാ ബച്ചന് 9.82 ലക്ഷം രൂപയുടെ കാറാണ് ഉള്ളതെങ്കില്‍ ഭര്‍ത്താവിന് രണ്ട് മേഴ്‌സിഡസും റെയ്ഞ്ച് റോവറും ഉള്‍പ്പെടെ 17.66 കോടി രൂപ മൂല്യമുള്ള 16 വാഹനങ്ങളാണ് സ്വന്തമായുള്ളത്. 

ഫെബ്രുവരി 27-നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുക. 15 സംസ്ഥാനങ്ങളില്‍ നിന്നായി 56 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. 403 അംഗങ്ങളുള്ള ഉത്തര്‍പ്രദേശ് നിയമസഭയില്‍ എസ്.പിയ്ക്ക് 108 സീറ്റുകളുണ്ട്. ഭരണകക്ഷിയായ ബി.ജെ.പിക്ക് 252 സീറ്റുകളാണുള്ളത്. ജയാ ബച്ചന് പുറമെ മുന്‍ എം.പി. രാംജിലാല്‍ സുമന്‍, മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ അലോക് രഞ്ജന്‍ എന്നിവരാണ് എസ്.പിയുടെ മറ്റ് സ്ഥാനാര്‍ഥികള്‍. 

Content Highlights: Jaya Bachchan, up for 5th Rajya Sabha term, has combined wealth of Rs 1,578 crore