ഹിമാചലില്‍ കര്‍ശന നടപടി, വ്യക്തികള്‍ക്ക് അതീതമാണ് പാര്‍ട്ടി- കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ ക്രോസ് വോട്ടിങ് ഉണ്ടായെന്ന വസ്തുത നിരാകരിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ്. എല്ലാവരോടും തുറന്നമനസ്സോടെ സംസാരിക്കാനും കോണ്‍ഗ്രസ് സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ കാലാവധി തികയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും നിരീക്ഷകരോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജയറാം രമേശ് പറഞ്ഞു.
രണ്ടു കാര്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണ് നിരീക്ഷകരില്‍നിന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ജയറാം രമേശ് വ്യക്തമാക്കി. 'ഒന്ന്, ക്രോസ് വോട്ടിങ്ങിന് ഉത്തരവാദികളായവരെ കണ്ടെത്തുക. രണ്ട്, സംസ്ഥാന സര്‍ക്കാരിന്റെ ഭാവി പരിപാടികള്‍ അറിയിക്കുക', അദ്ദേഹം വ്യക്തമാക്കി.
താന്‍ കോണ്‍ഗ്രസിനൊപ്പമല്ലെന്ന് ഒരു എം.എല്‍.എ. പ്രസ്താവിച്ചിട്ടുണ്ട്. നിരീക്ഷകര്‍ അദ്ദേഹവുമായും സംസാരിക്കും. കോണ്‍ഗ്രസിനാണ് ജനവധി, അയാള്‍ക്കല്ല. വ്യക്തി താത്പര്യങ്ങള്‍ക്കപ്പുറമാണ് പാര്‍ട്ടിയെന്നും ജയറാം രമേശ് പറഞ്ഞു.
Content Highlights: On Himachal crisis, Cong indicates at stern steps: ‘Individuals not important’