റീൽ ചിത്രീകരിക്കാൻ സാഹസം; മദ്യലഹരിയിൽ എസ്‌യുവി റെയില്‍വേ ട്രാക്കിൽ കയറ്റി യുവാവ്, അറസ്റ്റിൽ | വീഡിയോ

ജയ്പുര്‍: റീല്‍ ചിത്രീകരിക്കാന്‍ മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കിലൂടെ വാഹനമോടിച്ച സംഭവത്തില്‍ രാജസ്ഥാനിലെ ജയ്പുരില്‍ ഒരാള്‍ പിടിയില്‍. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കാന്‍ മഹീന്ദ്ര ഥാര്‍ എസ്.യു.വി. റെയില്‍വേ ട്രാക്കിലൂടെ ഓടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഉടന്‍ പാളത്തിലൂടെ ഒരു ചരക്കുതീവണ്ടി വന്നതിനാലും മദ്യലഹരിയിലായിരുന്നതിനാലും വാഹനം പൂര്‍ണ്ണമായി ട്രാക്കിന് മുകളില്‍ കയറ്റാന്‍ ഡ്രൈവര്‍ക്ക് സാധിച്ചില്ല. ഇതോടെ എസ്.യു.വി റെയില്‍വേ ട്രാക്കുകള്‍ക്കിടയില്‍പ്പെട്ടുപോയി.
ഇതുകണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ ബ്രേക്കിട്ട് നിര്‍ത്തി. ഇതോടെയാണ് വലിയ ദുരന്തം ഒഴിവായത്. തടിച്ചുകൂടിയ ആളുകള്‍ ചേര്‍ന്ന് വാഹനം ട്രാക്കിന് പുറത്തെത്തിക്കാന്‍ ശ്രമിച്ചു. 15 മിനിറ്റോളം നീണ്ട പ്രയത്‌നത്തിനൊടുവില്‍ വാഹനം ട്രാക്കില്‍നിന്ന് പുറത്തെടുത്തു.
ഇതിന് പിന്നാലെ ഡ്രൈവര്‍ വാഹനം വേഗത്തില്‍ ഓടിച്ച് കടന്നുകളഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഏതാനും പേരെ വാഹനം ഇടിച്ചു. മുണ്ട്യ രാംസര്‍ ഭാഗത്തേക്കാണ് ഇയാള്‍ വാഹനമോടിച്ച് കടന്നുകളഞ്ഞത്.
പോലീസ് വാഹനത്തെ പിന്തുടര്‍ന്ന് ഡ്രൈവറെ അറസ്റ്റുചെയ്യുകയും വാഹനം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. വാഹനം ട്രാക്കില്‍നിന്ന് പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
Content Highlights: Man arrested in Jaipur for attempting to drive SUV onto railway tracks while drunk, to shoot reel